Dortmund victory over PSG in Champions League
ഡോര്‍ട്ട്മുണ്ട് : യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം സെമിഫൈനല്‍ റൗണ്ടിന്റെ ആദ്യ പാദത്തില്‍ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ഡോര്‍ട്ട്മുണ്ടിലെ സിഗ്‌നല്‍ ഇദുന പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതിയില്‍ നിക്ലാസ് ഫുള്‍ക്രഗ് നേടിയ ഗോളാണ് ഡോര്‍ട്ട്മുണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
മത്സരം തുടങ്ങി 36-ാം മിനിറ്റിലാണ് ഡോര്‍ട്ട്മുണ്ടിന്റെ വിജയഗോള്‍ പിറന്നത്. ഡോര്‍ട്ട്മുണ്ട് താരം ഷ്ലോട്ടര്‍ബെക്ക് സ്വന്തം പകുതിയില്‍നിന്ന് ഉയര്‍ത്തി നല്‍കിയ പാസ് നിലത്തുവീഴുംമുന്‍പേ കാലിലേക്കെടുത്ത ഫുള്‍ക്രഗ്, ഒട്ടും സമയം പാഴാക്കാതെ വലയിലെത്തിച്ചു. പന്ത് വലതുകാലിലേക്കെടുത്ത മാത്രയില്‍ത്തന്നെ ബോക്സിനകത്തെത്തിച്ച ശേഷം ഇടങ്കാല്‍ ഷോട്ടിലായിരുന്നു ഗോള്‍ കണ്ടെത്തിയത്.
അപകടം തടയാന്‍ ഡോണറുമ്മ പന്തെത്തിയ വശത്തേക്കു തന്നെ ചാടിയെങ്കിലും പ്രതിരോധിക്കാനായില്ല. പിഎസ്ജിയില്‍ എംബാപ്പെ ഉണ്ടായിരുന്നിട്ടുപോലും വിജയ ഗോള്‍ ഒന്നും നേടാനായില്ല. മെയ് 8നാണ് രണ്ടാം പാദ സെമി നടക്കുന്നത്.