സ്വപ്നസാഫല്യത്തിന് ഇന്ന് ഒരു വയസ്;

17 വര്‍ഷത്തെ കാത്തിരിപ്പിന് അര്‍ഹിച്ചൊരു പര്യവസാനം. ആ ദിനത്തിന് ഇന്ന് പ്രായം ഒരു വയസ്.

author-image
Jayakrishnan R
New Update
t20 world cup india vs pakistan

 



ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നീലപരവതാനി വിരിക്കപ്പെടുകയാണ്.ഗ്യാലറിയില്‍ ഇമചിമ്മാതിരുന്ന കണ്ണുകള്‍ കൊതിച്ചതും ഹൃദയമിടിച്ചതും ഒരു നിമിഷത്തിനായിരുന്നു.അഹമ്മദബാദിലെ തീരാദുഖത്തിന് അറുതി തേടിയൊരു ജനത കാത്തിരിക്കുകയായിരുന്നു.

അവിടേക്ക് ഹെയ്‌റിച്ച് ക്ലാസനെന്ന മനുഷ്യന്റെ അപ്രതീക്ഷിതമായൊരു ഇന്നിങ്‌സ് പേമാരിപോലെ പെയ്തിറങ്ങുകയാണ്. പ്രതീക്ഷകള്‍ക്ക് മുകളില്‍, ആശകള്‍ക്ക് മുകളില്‍, സ്വപ്നങ്ങള്‍ക്ക് മുകളില്‍..അക്‌സര്‍ പട്ടേല്‍ തന്റെ അവസാന ഓവര്‍ എറിഞ്ഞ് തീരുമ്പോള്‍ ഡേവിഡ് മില്ലറിന്റെ മുഖത്ത് വല്ലാത്തൊരു ആവേശം,
നിരാശയായിരുന്നു. നിശബ്ദതയായിരുന്നു. പതിമൂവായിരത്തിലധികം കിലോമീറ്ററുകള്‍ക്കിപ്പുറം പലഹൃദയങ്ങളുടേയും മിടിപ്പ് വര്‍ധിക്കുകയായിരുന്നു.

വെള്ളിക്കിരിടത്തിന്റെ പ്രഭയുടെ തിളക്കം രോഹിത് ശര്‍മയുടെ മുഖത്ത് നിന്ന് മായുകയാണെന്ന് ഓര്‍ത്തുപോയി . ഒരിക്കല്‍ക്കൂടി അയാളോട് കളിദൈവങ്ങള്‍ ക്രൂരതകാണിക്കാന്‍ ഒരുങ്ങുന്നുവോയെന്ന് തോന്നാത്തവരായി കളികണ്ടവര്‍ ആരുമുണ്ടാകില്ല.

30 പന്തില്‍ 30 റണ്‍സ്! സമാനമായ എത്രയോ സമ്മര്‍ദക്കയങ്ങള്‍ നീന്തിക്കേറിയ രോഹിതിനെ അവിടെ അസ്വസ്ഥനായി കാണപ്പെട്ടു.
ബാര്‍ബഡോസിലേക്ക് ചുവടുവെക്കുന്നതിന് മുന്‍പ് രോഹിത് തന്റെ സഹതാരങ്ങളോട് ഒന്നുമാത്രമെ പറഞ്ഞൊള്ളു. എനിക്ക് ഈ പര്‍വതം ഒറ്റയ്ക്ക് കീഴടക്കാനാകില്ല. ഉന്നതിയില്‍ എത്തണമെങ്കില്‍ എല്ലാവരുടേയും ജീവശ്വാസം ആവശ്യമാണ്. നിങ്ങളുടെ മനസും ഹൃദയുവും ശരീരവുമെല്ലാം നല്‍കുക. അത് സംഭവിച്ചാല്‍ നമുക്ക് നിരാശയുടെ രാവുണ്ടാകില്ല.

ക്ലാസന്റെ പെരുങ്കളിയാട്ടം അതിന്റെ പാരമ്യത്തിലെത്തുമ്പോഴും രോഹിത് വിശ്വസിച്ചു, ഒന്നും അവസാനിച്ചിട്ടില്ല. ഇനിയും ബാക്കിയുണ്ട് 30 പന്തുകള്‍ക്കൂടി.
അവിടെ നിന്നായിരുന്നു അസാധ്യമായൊരു യാത്രയ്ക്ക് തുടക്കമായത്. ഹാര്‍ദിക്ക് പാണ്ഡ്യയുടെ പന്തില്‍ ക്ലാസന്‍ പേമാരി റിഷഭ് പന്തിന്റെ കൈകളിലേക്ക് പെയ്തുതോരുന്നു. ബൗണ്ടറി ലൈനില്‍ വിരാട് കോലി തന്റെ ഇരുകൈകളും ആവേശത്തോടെ ഉയര്‍ത്തി.

17-ാം ഓവര്‍ അവസാനിക്കുമ്പോള്‍ പ്രോട്ടിയാസിന് ജയിക്കാന്‍ 18 പന്തില്‍ 22 റണ്‍സ്. 19 ഓവര്‍ വരെ ബുംറാസ്ത്രം കാത്തുവെച്ചില്ല രോഹിത്. മാര്‍ക്കൊ യാന്‍സണിന്റെ പ്രതീരോധം തകര്‍ത്തൊരു അണ്‍പ്ലെയബിള്‍ ഇന്‍സ്വിങ്ങര്‍. പേസ്, ആംഗിള്‍, ലെങ്ത്.പെര്‍ഫക്ഷന്‍.

യോര്‍ക്കറുകള്‍ക്കൊണ്ട് മഹരാജിനേയും മില്ലറിനെയും നിശബ്ദമാക്കി നിര്‍ത്തിയ അര്‍ഷദീപിന്റെ 19-ാം ഓവര്‍. ഒടുവില്‍ ഹാര്‍ദിക്ക് പാണ്യയിലേക്ക് ആ നിയോഗം. ആറ് പന്തില്‍ 16 റണ്‍സ് ജയിക്കാന്‍.


ഹാര്‍ദിക്കിന്റെ വൈഡ് ഫൂള്‍ടോസ് മില്ലറിന്റെ ബാറ്റില്‍ നിന്ന് കൃത്യമായ കണക്ഷന്‍. ആകാശം മുട്ടി താഴേക്ക് പതിക്കുകയാണ് ആ പന്ത്. സിക്‌സെന്ന് ഉറപ്പിച്ച നിമിഷം. ബൗണ്ടറിവരയ്ക്കടുത്തുനിന്ന് പാഞ്ഞടുത്തൊരു കൈ വെള്ളപ്പന്തിനെ ലക്ഷ്യമാക്കുന്നു.

ഒരു നിമിഷം ശ്വാസം നിലയ്ക്കുകയാണ്. ലോങ് ഓണില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ അചഞ്ചലനായി വീക്ഷിക്കുകയാണ്. കിരീടത്തെ നിശ്ചയിക്കാന്‍ പോന്നൊരു നിമിഷം. ബൗണ്ടറി വര കടന്ന ആ പന്തിന് സൂര്യകുമാര്‍ യാദവിന്റെ അത്ലറ്റിസത്തെ കീഴടക്കാന്‍ കഴിയാതെ പോവുകയാണ്.

മില്ലി മീറ്ററിന്റെ വ്യത്യാസത്തില്‍ കിരീടം ദക്ഷിണാഫ്രിക്കയില്‍ നിന്ന് അകന്നു. അതിസമ്മര്‍ദത്തില്‍ സൂര്യകുമാര്‍ യാദവിന്റെ അതിഗംഭീരമായൊരു ക്യാച്ച്.
 
ഒടുവില്‍ ഹാര്‍ദിക്കിന്റെ പന്ത് നോര്‍ക്കെ മിഡ് വിക്കറ്റിലേക്ക് തട്ടിയിടുമ്പോള്‍ 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു. ഹാര്‍ദിക്ക് ബാര്‍ബഡോസിലെ വിക്കറ്റില്‍ മുട്ടുകുത്തിയിരുന്നു, രോഹിത് ശര്‍മ കണ്ണീരണിഞ്ഞ് മൈതാനത്തുകിടന്നു, കോലി എന്തെന്നില്ലാത്ത വിധം വികാരാധീതനായി, അയാളില്‍ നിന്ന് അകന്നുനിന്ന ആ കിരീടം തേടിയെത്തുകയായിരുന്നു.

ടൂര്‍ണമെന്റിലുടനീളം വീണ രാജാവ് രാജ്യത്തിനായി ഉയര്‍ത്തെഴുന്നേറ്റ നാള്‍. നായകന്റെ വിശ്വാസത്തെ പൂര്‍ണമാക്കിയ കോലിയുടെ ഫൈനല്‍ മാസ്റ്റര്‍ ക്ലാസ്. ബാറ്റിങ് തകര്‍ച്ചയിലേക്ക് ഇന്ത്യ വഴുതിയപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത അക്‌സര്‍, വിമര്‍ശനങ്ങളെ ഗ്യാലറിയിലേക്ക് പായിച്ച ശിവം ദുബെ.

സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമെല്ലാം അനായാസമായി. രോഹിതിന്റെ ബ്രൂട്ടല്‍ ഹിറ്റിങ്ങിന് മുന്നില്‍ അടിപതറിയ ഓസ്‌ട്രേലിയ. നവംബര്‍ 19ന്റെ കണക്കുതീര്‍ത്ത് സെമിയിലേക്കൊരു കുതിപ്പ്. അപ്പോഴേക്കും പിടിച്ചുകെട്ടാനാകാത്തൊരു സ്വപ്നസംഘമായി ഇന്ത്യ പരിണമിച്ചിരുന്നു.

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റുകൊണ്ട് രോഹിതും സൂര്യയും നിലകൊണ്ടു. പന്തുകൊണ്ട് അക്‌സറും കുല്‍ദീപ്. 2022ല്‍ അഡ്ലെയിഡ് ഓവലില്‍ ഡഗൗട്ടില്‍ തലകുനിച്ചിരുന്ന രോഹിതിന് റിഡംഷന്‍. 68 റണ്‍സിന്റെ കൂറ്റന്‍ ജയവുമായായിരുന്നു പ്രോട്ടിയാസിനെ നേരിടാന്‍ ബാര്‍ബഡോസിലേക്ക് വണ്ടികയറിയത്.

ഫൈനലിലേക്ക് യോഗ്യത നേടിയശേഷം ഡ്രെസിങ് റൂമിന് മുന്നില്‍ കണ്ണീരണിഞ്ഞിരുന്ന രോഹിതിനെ ആശ്വസിപ്പിക്കുന്ന കോലി, ലോകകപ്പിലെ തന്നെ സുന്ദര നിമിഷങ്ങളിലൊന്നായിരുന്നു അത്. ഫൈനലിനുശേഷവും അത് ആവര്‍ത്തിച്ചു. ഒന്നരപതിറ്റാണ്ടോളമായി ഒരു ജനതയുടെ പ്രതീക്ഷകള്‍ ചുമലിലേറ്റിയവര്‍ ആശ്ലേഷിച്ചു.

നായകനായി കല്ലേറുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന മണ്ണില്‍ നിന്ന് തന്നെ ഇന്ത്യയുടെ വന്‍മതിലിനും കിരീടസാക്ഷാത്കാരമുണ്ടായി. കുട്ടിക്രിക്കറ്റില്‍ എല്ലാം നേടി ഇതിഹാസങ്ങളുടെ പടിയിറക്ക പ്രഖ്യാപനം. മുന്നില്‍ നിന്ന് നയിച്ച്, തോല്‍വിയറിയാത്ത നായകനായി കിരീടമുയര്‍ത്തിയ രോഹിത്. ഫൈനലിലെ താരമായി കോലി.

ഒടുവില്‍ മുംബൈയിലെ നരിമാന്‍ പോയിന്റില്‍ നിന്നും വാംഖഡയിലേക്കൊരു യാത്ര, കിരീടയാത്ര, ചരിത്രത്തിലേക്കൊരു യാത്ര. തെരുവോരങ്ങള്‍ നീലക്കടലായി പരിണമിക്കുകയായിരുന്നു അന്ന്. ഇന്ത്യയുടെ ക്രിക്കറ്റിലെ സുവര്‍ണനിമിഷങ്ങളുടെ പ്രെയിമുകളിലൊന്ന്. 17 വര്‍ഷത്തെ കാത്തിരിപ്പിന് അര്‍ഹിച്ചൊരു പര്യവസാനം. ആ ദിനത്തിന് ഇന്ന് പ്രായം ഒരു വയസ്.
cricket sports