/kalakaumudi/media/media_files/2026/01/31/elona-2026-01-31-18-07-42.jpg)
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കസാഖ്സ്താന്റെ എലേനാ റൈബാക്കിനയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ ഒന്നാം സീഡ് ബലറൂസിന്റെ ആര്യാന സബലേങ്കയെ 6-4, 4-6, 6-4 എന്ന സ്‌കോറിന് കീഴടക്കിയാണ് റൈബാക്കിനയുടെ കിരീട നേട്ടം. താരത്തിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. സബലേങ്കയോട് 2023-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ തോല്‍വിക്ക് മധുര പ്രതികാരം ചെയ്യാനും റൈബാക്കിനയ്ക്കായി. 2023-ലെ ഫൈനലില്‍ റൈബാക്കിനയെ കീഴടക്കിയായിരുന്നു സബലേങ്ക കന്നിക്കിരീടം ചൂടിയത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സബലേങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ വര്‍ഷം മാഡിസണ്‍ കീസിനോടാണ് താരം പരാജയമറിഞ്ഞത്. 2022-ലെ വിംബിള്‍ഡണ്‍ നേട്ടത്തിനു ശേഷമുള്ള റൈബാക്കിനയുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്.
രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു റൈബാക്കിനയുടെ കിരീട നേട്ടം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സബലേങ്കയുടെ തുടര്‍ച്ചയായ നാലാം ഫൈനലായിരുന്നു ഇത്. മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ സബലേങ്കയെ ഒന്നാം സെറ്റില്‍ തന്നെ വിറപ്പിക്കാന്‍ റൈബാക്കിനയ്ക്കായി. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി സബലേങ്ക തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സബലേങ്ക 3-0ന് ലീഡെടുത്തതോടെ 2023-ന്റെ ആവര്‍ത്തനമാകുമെന്ന് കാണികള്‍ കരുതി. എന്നാല്‍ അസാധാരണ തിരിച്ചുവരവ് നടത്തിയ റൈബാക്കിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
