ആര്‍ച്ചറിന് അഞ്ച് വിക്കറ്റ്, ആസ്‌ട്രേലിയ 371ന് പുറത്ത്; മറുപടി ബാറ്റിങ്ങില്‍ പതറി ഇംഗ്ലണ്ട്

അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് (54), നേഥന്‍ ലിയോണ്‍ (9) എന്നിവരാണ് പുറത്തായത്. ഇതോടെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്താനും ആര്‍ച്ചറിനായി. 14 റണ്‍സ് നേടിയ സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു

author-image
Biju
New Update
archer 2

അഡ്ലയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 371 റണ്‍സില്‍ അവസാനിച്ചു. എട്ടിന് 326 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകള്‍ ആദ്യ സെഷനില്‍ത്തന്നെ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞിട്ടു. അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് (54), നേഥന്‍ ലിയോണ്‍ (9) എന്നിവരാണ് പുറത്തായത്. ഇതോടെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്താനും ആര്‍ച്ചറിനായി. 14 റണ്‍സ് നേടിയ സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പാളി. 22 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഹാരി ബ്രൂക്ക് (15*), ബെന്‍ സ്റ്റോക്‌സ് (5*) എന്നിവരാണ് ക്രീസില്‍. സാക് ക്രൗലി (9), ബെന്‍ ഡക്കറ്റ് (29), ഒലി പോപ് (3), ജോ റൂട്ട് (19) എന്നിവരാണ് പുറത്തായത്. തിരിച്ചെത്തിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ക്രൗലിയേയും റൂട്ടിനേയും മടക്കിയപ്പോള്‍, മറ്റ് വിക്കറ്റുകള്‍ സ്പിന്നര്‍ നേഥന്‍ ലിയോണാണ് പിഴുതത്.
ക്യാരിക്ക് സെഞ്ച്വറി

സെഞ്ച്വറി നേടിയ അലക്‌സ് ക്യാരി (106), അര്‍ധ സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖ്വാജ (82) എന്നിവരാണ് ഓസീസ് ഇന്നിങ്‌സിന്റെ നെടുംതൂണായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയക്ക് സ്‌കോര്‍ 33ല്‍ നില്‍ക്കേ ഓപണര്‍മാരെ നഷ്ടമായി. തുടര്‍ച്ചയായ രണ്ട് ഓവറുകളില്‍ ജേക്ക് വെതര്‍ലന്‍ഡും (18) ട്രാവിസ് ഹെഡും (10) വീണു. തുടക്കത്തിലെ പതര്‍ച്ചയില്‍നിന്ന് തിരികെ വരുന്നതിനിടെ 25-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 19 റണ്‍സെടുത്ത മാര്‍നസ് ലബൂഷെയ്‌ന് പിന്നാലെ കാമറൂണ്‍ ഗ്രീന്‍ സംപൂജ്യനായി മടങ്ങി.

ക്ഷമയോടെ കളിച്ച ഖ്വാജ 81 പന്തിലാണ് അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. ആകെ 126 പന്തില്‍ പത്ത് ബൗണ്ടറികളുടെ അകമ്പടിയില്‍ 82 റണ്‍സ് നേടിയാണ് താരം പുറത്തായത്. അലക്‌സ് ക്യാരിക്കൊപ്പം മികച്ച കൂട്ടുകെട്ടൊരുക്കാനും ഖവാജക്കായി. 32 റണ്‍സ് നേടിയ ജോഷ് ഇംഗ്ലിസിനെ ജോഷ് ടങ് ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. 13 റണ്‍സ് നേടിയ താരത്തെ ബ്രൈഡന്‍ കാഴ്‌സ്, ഒലി പോപ്പിന്റെ കൈകകളിലെത്തിച്ചു. സെഞ്ച്വറി നേടിയതിനു പിന്നാലെ ക്യാരി പുറത്തായത് ഓസീസിന് നിരാശയായി. 143 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 106 റണ്‍സാണ് താരം നേടിയത്.