സെഞ്ചുറിയടിച്ച് ജഡേജയും സുന്ദറും; ഒടുവില്‍ സമനില

ബാറ്റിങ്ങില്‍ പുറത്തെടുത്ത വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 21ന്റെ ലീഡ് നിലനിര്‍ത്തി

author-image
Biju
New Update
jadeja

മാഞ്ചസ്റ്റര്‍:  ലോഡ്‌സില്‍ പ്രതിരോധക്കോട്ട കെട്ടിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഇത്തവണ തകര്‍പ്പന്‍ സെഞ്ചുറികളുമായി ശുഭ്മന്‍ ഗില്ലും വാഷിങ്ടന്‍ സുന്ദറുമെല്ലാം ഉറച്ചുനിന്നതോടെ, തോല്‍വി ഉറ്റുനോക്കിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയതുല്യമായ സമനില. ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയിട്ടും, ബാറ്റിങ്ങില്‍ പുറത്തെടുത്ത വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 21ന്റെ ലീഡ് നിലനിര്‍ത്തി. നിര്‍ണായകമായ അവസാന ടെസ്റ്റ് ജൂലൈ 31 മുതല്‍ ലണ്ടനിലെ കെന്നിങ്ടന്‍ ഓവലില്‍ നടക്കും. സ്‌കോര്‍: ഇന്ത്യ  358 & 425/4, ഇംഗ്ലണ്ട്  669.

രണ്ടിന് 174 റണ്‍സുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, 143 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്താണ് സമനില പിടിച്ചുവാങ്ങിയത്. തകര്‍പ്പന്‍ സെഞ്ചറികളുമായി കരുത്തുകാട്ടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (103), രവീന്ദ്ര ജഡേജ (107*), വാഷിങ്ടന്‍ സുന്ദര്‍ (101*) എന്നിവരുടെ ചെറുത്തുനില്‍പ്പുകളാണ് ഇന്ത്യയുടെ വീരോചിത പോരാട്ടത്തിന്റെ നട്ടെല്ല്. അര്‍ഹിച്ച സെഞ്ചറി 10 റണ്‍സ് അകലെ നഷ്ടമായെങ്കിലും, കെ.എല്‍. രാഹുല്‍ പൊരുതിനേടിയ 90 റണ്‍സിനും 100 മാര്‍ക്ക്. രണ്ടാം ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ത്തന്നെ ഡക്കിനും ഗോള്‍ഡന്‍ ഡക്കിനും പുറത്തായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവര്‍ പരത്തിയ ഭീതിയുടെ കെട്ടുപാടുകള്‍ അസ്ഥാനത്താക്കിയാണ് ഇന്ത്യയുടെ ഈ ചെറുത്തുനില്‍പ്പ് എന്നതും ശ്രദ്ധേയം.

ഇടയ്ക്ക് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് എത്തിയെങ്കിലും, സെഞ്ചറി പൂര്‍ത്തിയാക്കിയിട്ടേ മടങ്ങൂ എന്ന് നിലപാടെടുത്ത ജഡേജയും വാഷിങ്ടന്‍ സുന്ദറും അവസാന ദിനത്തിലെ ഉജ്വല ദൃശ്യമായി. ഒടുവില്‍ 183 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് ജഡേജ സെഞ്ചറി പൂര്‍ത്തിയാക്കിയത്. ജോ റൂട്ടിനെതിരെ തകര്‍പ്പന്‍ സിക്‌സറിലൂടെയായിരുന്നു സെഞ്ചറി നേട്ടം. 185 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 107 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. ഒടുവില്‍ ഹാരി ബ്രൂക്കിനെതിരെ ഡബിള്‍ നേടി വാഷിങ്ടന്‍ സുന്ദറും സെഞ്ചറി നേടിയതോടെ ഇന്ത്യ സമനിലയ്ക്ക് കൈകൊടുത്തു. 206 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതമാണ് സുന്ദറിന്റെ കന്നി സെഞ്ചറി.

പരമ്പരയിലെ നാലാം സെഞ്ചറി കുറിച്ച ശുഭ്മന്‍ ഗില്‍ (103), ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (90) എന്നിവരാണ് ഇന്ന് പുറത്തായ മറ്റു ബാറ്റര്‍മാര്‍. 228 പന്തില്‍ 12 ഫോറുകള്‍ സഹിതമാണ് ഗില്‍ സെഞ്ചറി പൂര്‍ത്തിയാക്കിയത്. 238 പന്തില്‍ 103 റണ്‍സുമായി പുറത്താവുകയും ചെയ്തു. 230 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 90 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. മൂന്നാം വിക്കറ്റില്‍ രാഹുല്‍  ഗില്‍ സഖ്യം 417 റണ്‍സ് നേരിട്ട് 188 റണ്‍സാണ് നേടിയത്. ഈ നൂറ്റാണ്ടില്‍ ഇംഗ്ലിഷ് മണ്ണില്‍ ഒരു ഇന്ത്യന്‍ സഖ്യം നേരിടുന്ന ഏറ്റവും ഉയര്‍ന്ന പന്തുകളാണ് ഇവര്‍ നേരിട്ട 417 പന്തുകള്‍. 238 പന്തില്‍ 12 ഫോറുകള്‍ സഹിതം 103 റണ്‍സെടുത്ത ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റ് കീപ്പര്‍ ജയ്മി സ്മിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 230 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 90 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.

മൂന്നു സെഞ്ചറികള്‍ക്കൊപ്പം ഓരോ ഇരട്ടസെഞ്ചറി കൂട്ടുകെട്ടും സെഞ്ചറി കൂട്ടുകെട്ടും ചേര്‍ന്നതോടെയാണ് ഓള്‍ഡ് ട്രാഫഡില്‍ ഇന്ത്യയുടെ പുതുനിര സമനില തെറ്റാതെ കാത്തത്. മൂന്നാം വിക്കറ്റില്‍ പുതുചരിത്രമെഴുതി 417 പന്തുകള്‍ ചെറുത്തുനിന്ന് 178 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശുഭ്മന്‍ ഗില്‍  കെ.എല്‍. രാഹുല്‍ സഖ്യം. ഇവര്‍ സ്ഥാപിച്ച അടിത്തറയ്ക്കു മുകളില്‍ പിരിയാത്ത അഞ്ചാം വിക്കറ്റില്‍ അതിലും ഉറപ്പോടെ ഇരട്ട സെഞ്ചറി കൂട്ടുകെട്ട് സ്ഥാപിച്ച ജഡേജ  സുന്ദര്‍ സഖ്യം. 334 പന്തുകള്‍ നേരിട്ട് ഇരുവരും കൂട്ടിച്ചേര്‍ത്തത് 203 റണ്‍സാണ്. ഈ രണ്ടു കൂട്ടുകെട്ടുകളും തകര്‍ക്കാനാകാതെ പോയതോടെയാണ് ഇംഗ്ലണ്ടിന് സമനിലയ്ക്ക് സമ്മതിക്കേണ്ടി വന്നത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ 10ാം സെഞ്ചറി കൂട്ടുകെട്ടാണ് സുന്ദര്‍  ജഡേജ സഖ്യത്തിന്റേത്. ഇതോടെ, ഒരു പരമ്പരയില്‍ കൂടുതല്‍ സെഞ്ചറി കൂട്ടുകെട്ടുകളെന്ന സ്വന്തം റെക്കോര്‍ഡിന് ഒരേയൊരു സെഞ്ചറി കൂട്ടുകെട്ട് മാത്രം അകലെയാണ് ഇന്ത്യ. 197879ല്‍ വെസ്റ്റിന്‍ഡീസിനെതിരെ സ്വന്തം മണ്ണിലാണ് ഇന്ത്യ 11 സെഞ്ചറി കൂട്ടുകെട്ടുകള്‍ തീര്‍ത്തത്.

ഇതിനിടെ, ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റ പരമ്പരയില്‍ കൂടുതല്‍ സെഞ്ചറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടുമുന്‍പ് നായകനായി നിയോഗിക്കപ്പെട്ട ഗില്ലിന്റെ നാലാം സെഞ്ചറിയാണിത്. മൂന്നു സെഞ്ചറികള്‍ വീതം നേടിയ വാര്‍വിക് ആംസ്‌ട്രോങ്, ബ്രാഡ്മാന്‍, ഗ്രെഗ് ചാപ്പല്‍, വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവര്‍ പിന്നിലായി. അരങ്ങേറ്റത്തിലല്ലെങ്കിലും സുനില്‍ ഗാവസ്‌കര്‍, ബ്രാഡ്മാന്‍ എന്നീ ക്യാപ്റ്റന്‍മാരും ഒരു പരമ്പരയില്‍ നാലു സെഞ്ചറി നേടിയിട്ടുണ്ട്. ഇതിനു പുറമേ, ഒരു പരമ്പരയില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ സെഞ്ചറികള്‍ നേടുന്ന താരങ്ങളില്‍ ഗില്‍ ഗാവസ്‌കര്‍, കോലി എന്നിവര്‍ക്കൊപ്പമെത്തി.

311 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ഇംഗ്ലിഷ് ബോളര്‍മാര്‍ തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും (0) തൊട്ടടുത്ത പന്തില്‍ സായ് സുദര്‍ശനെയും (0) പുറത്താക്കിയ ക്രിസ് വോക്‌സ് സന്ദര്‍ശകരെ വിറപ്പിച്ചു. ഇന്നിങ്‌സ് തോല്‍വി മുഖാമുഖം കണ്ട ടീം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മന്‍ ഗില്‍ കെ.എല്‍.രാഹുല്‍ സഖ്യമാണ്.

റണ്‍സ് കണ്ടെത്തുന്നതിനെക്കാള്‍ വിക്കറ്റ് നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നതിലായിരുന്നു ഇരുവരുടെയും ശ്രദ്ധ. രാഹുല്‍ പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിഞ്ഞപ്പോള്‍ വീണു കിട്ടുന്ന ഫുള്‍ ലെങ്ത് പന്തുകള്‍ ബൗണ്ടറി കടത്തിയ ഗില്‍ പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ചറിയും 5 വിക്കറ്റും നേടുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനും നാലാമത്തെ ഇംഗ്ലിഷ് താരവുമാണ് ബെന്‍ സ്റ്റോക്‌സ്. ടോണി ഗ്രെയ്ഗ്, ഇയാന്‍ ബോതം (5 തവണ), ഗസ് അറ്റ്കിന്‍സന്‍ എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ടെസ്റ്റ് കരിയറില്‍ 7000 റണ്‍സും 200 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമായി ബെന്‍ സ്റ്റോക്‌സ്. ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് (13289 റണ്‍സ്, 292 വിക്കറ്റ്), വെസ്റ്റിന്‍ഡീസിന്റെ ഗാരിഫീല്‍ഡ് സോബേഴ്‌സ് (8032 റണ്‍സ്, 235 വിക്കറ്റ്) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 2014ന് ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഇന്ത്യ 600 റണ്‍സിനു മുകളില്‍ വഴങ്ങുന്നത്. അന്ന് വെല്ലിങ്ടനില്‍ നടന്ന ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ 680 റണ്‍സ് വഴങ്ങിയിരുന്നു.

നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടാന്‍ മുന്നില്‍ നിന്ന ഇംഗ്ലിഷ് നായകന്‍ മറുപടി ബാറ്റിങ്ങില്‍ സെഞ്ചറിയുമായി (141) നിറഞ്ഞാടിയതോടെയാണ് നാലാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലായത്. സ്റ്റോക്‌സിന്റെ സെഞ്ചറിക്കരുത്തില്‍ 669 റണ്‍സ് നേടിയ ഇംഗ്ലണ്ട്, ആദ്യ ഇന്നിങ്‌സില്‍ 311 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

7ന് 544 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ എത്രയും പെട്ടെന്ന് ഓള്‍ഔട്ടാക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ആദ്യ സെഷനില്‍ തന്നെ ലിയാം ഡോസണെ (26) പുറത്താക്കിയ ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ ബ്രൈഡന്‍ കാഴ്‌സിനെ (47) കൂട്ടുപിടിച്ച് സ്റ്റോക്‌സ് തിരിച്ചടി തുടങ്ങിയതോടെ കളിമാറി. ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിച്ച് ഇരുവരും അനായാസം റണ്‍സ് കണ്ടെത്താന്‍ തുടങ്ങിയതോടെ ഇംഗ്ലിഷ് സ്‌കോര്‍ ബോര്‍ഡ് കുതിച്ചു.

India England match