എമിറേറ്റ്‌സില്‍ വില്ലൊടിഞ്ഞു! വില്ലയുടെ കുതിപ്പിന് തടയിട്ട് ആഴ്‌സനല്‍; യുനൈറ്റഡിനും ചെല്‍സിക്കും സമനില

രണ്ടാം പകുതി തുടങ്ങിയതും ആഴ്‌സനല്‍ ഗബ്രിയേലിലൂടെ ലീഡെടുത്തു. കോര്‍ണറില്‍നിന്നുള്ള പന്ത് താരത്തിന്റെ തലയില്‍ തട്ടി വലയില്‍. ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി വില്ല താരങ്ങള്‍ റഫറിയോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

author-image
Biju
New Update
emirate

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ അപരാജിത കുതിപ്പിന് തടയിട്ട്, ഒന്നാം സ്ഥാനത്ത് തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ച് ആഴ്‌സനല്‍. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന 2025ലെ അവസാന പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് വില്ലയെ പീരങ്കിപ്പട തരിപ്പണമാക്കിയത്.

തുടര്‍ച്ചയായ 11 ജയങ്ങളുമായി റെക്കോഡിട്ട വില്ലയുടെ കുതിപ്പിനാണ് എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അന്ത്യമായത്. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില കൊണ്ട് വര്‍ഷം അവസാനിപ്പിക്കേണ്ടി വന്നു. പരിക്കില്‍നിന്ന് മോചിതനായി എത്തിയ ബ്രസീല്‍ താരം ഗബ്രിയേല്‍ (48ാം മിനിറ്റില്‍), മാര്‍ട്ടിന്‍ സുബിമെന്‍ഡി (52), ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് (69), പകരക്കാരന്‍ ഗബ്രിയേല്‍ ജീസസ് (78) എന്നിവരാണ് ആഴ്‌സനലിനായി വലുകുലുക്കിയത്. ഇന്‍ജുറി ടൈമില്‍ ഒലീ വാറ്റ്കിന്‍സിന്റെ (90+4) വകയായിരുന്നു വില്ലയുടെ ആശ്വാസ ഗോള്‍.

മത്സരത്തില്‍ നന്നായി തുടങ്ങിയ വില്ലക്ക് പിന്നീട് കാര്യങ്ങളെല്ലാം കൈവിട്ടു. ലീഗില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ അഞ്ചു പോയന്റ് ലീഡിലാണ് ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്‌സ് പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. മത്സരത്തില്‍ ആദ്യം സുവര്‍ണാവസരം ലഭിച്ചതും വില്ലക്കായിരുന്നു. ഒലീ വാറ്റ്കിന്‍സിന് ലക്ഷ്യം കാണാനായില്ല. പിന്നാലെ ആഴ്‌സനല്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്.

രണ്ടാം പകുതി തുടങ്ങിയതും ആഴ്‌സനല്‍ ഗബ്രിയേലിലൂടെ ലീഡെടുത്തു. കോര്‍ണറില്‍നിന്നുള്ള പന്ത് താരത്തിന്റെ തലയില്‍ തട്ടി വലയില്‍. ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി വില്ല താരങ്ങള്‍ റഫറിയോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

നാലു മിനിറ്റിനുള്ളില്‍ നായകന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് നല്‍കിയ ഒരു മനോഹര പാസ്സിലൂടെ സുബിമെന്‍ഡി ലീഡ് ഇരട്ടിയാക്കി. ഡച്ച് താരം ടിംബറിന്റെ അസിസ്റ്റില്‍നിന്ന് ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ടീമിന്റെ മൂന്നാം ഗോള്‍ നേടി. പിന്നാലെ പകരക്കാരനായി കളത്തിലെത്തിയ ജീസസ് നാലാം ഗോളും നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. ക്ലോസ് റേഞ്ചില്‍നിന്നാണ് വാറ്റ്കിന്‍സ് വില്ലയുടെ ആശ്വാസ ഗോള്‍ നേടിയത്. കരുത്തരായ ചെല്‍സിയെ ബേണ്‍മൗത്താണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി പിരിയുകയായിരുന്നു. കോള്‍ പാമര്‍ (15, പെനാല്‍റ്റി) എന്‍സോ ഫെര്‍ണാണ്ടസ് (23) എന്നിവര്‍ നീലപ്പടക്കായും ബ്രൂക്‌സ് (ആറ്), ക്ലൂയിവര്‍ട്ട് (27) എന്നിവര്‍ ബേണ്‍മൗത്തിനായും ലക്ഷ്യം കണ്ടു.

കഴിഞ്ഞ മത്സരത്തില്‍ വില്ലയോട് ചെല്‍സി തോറ്റിരുന്നു. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള വൂള്‍വ്‌സിനോട് സമനില വഴങ്ങേണ്ടി വന്നത് യുനൈറ്റഡിന് വലിയ തിരിച്ചടിയായി. പോയന്റ് പട്ടികയില്‍ മുന്നേറാനുള്ള സുവര്‍ണാവസരമാണ് സ്വന്തം ആരാധകര്‍ക്കു മുമ്പില്‍ റൂബന്‍ അമോറിമും സംഘവും കളഞ്ഞുകുളിച്ചത്. യുനൈറ്റഡിനായി ജോഷ്വാ സിര്‍ക്കിയും (7) വൂള്‍വ്‌സിനായി ലാഡിസ്ലാവ് ക്രെച്ചിയും (45) ഗോള്‍ നേടി. മറ്റു മത്സരങ്ങളില്‍ ന്യൂകാസില്‍ 3-1ന് ബേണ്‍ലിയെയും എവര്‍ട്ടണ്‍ 2-0ത്തിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയും തോല്‍പിച്ചു. വെസ്റ്റ് ഹാം-ബ്രൈറ്റണ്‍ (2-2) മത്സരം സമനിലയില്‍ കലാശിച്ചു.