ക്രൊയേഷ്യക്കെതിരേ ഗോൾ നേടിയ അൽബേനിയയുടെ ഖാസിം ലാസി
ഹാംബര്‍ഗ്: യൂറോ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ബിയില്‍ ക്രൊയേഷ്യയ്‌ക്കെതിരേ ആദ്യ പകുതി കൈയടക്കി അല്‍ബേനിയ. 11-ാം മിനിറ്റില്‍ ഖാസിം ലാസി നേടിയ ഗോളിലൂടെയാണ് അല്‍ബേനിയ മുൻപന്തിയിലായത് . വലതു വശത്തുവെച്ച് പന്ത് കൈവശപ്പെടുത്തിയ അസനി, ഉന്നം പാഴാക്കാതെ ബോക്‌സികത്തേക്ക് ക്രോസ് നല്‍കി. ഈസമയം, ബോക്‌സ് ലക്ഷ്യമാക്കി ഓടിയ ലാസി അകത്തെത്തുകയും മികച്ച ഒരു ഹെഡറിലൂടെ പന്ത് വലക്കുള്ളിലാക്കുകയുമായിരുന്നു.
മികച്ച കുറച്ച് പാസുകളും പന്ത് കൈവശംവെച്ച് കളിച്ചതും മാത്രമാണ് ക്രൊയേഷ്യക്ക് കളിയില്‍ കാഴ്ചവെക്കാനായത്. അല്‍ബേനിയന്‍ ഗോള്‍ക്കീപ്പര്‍ സ്ട്രകോഷയെ ഒരു തവണ പോലും മറികടക്കാന്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. മികച്ച ചില നീക്കങ്ങള്‍ അല്‍ബേനിയയുടെ പ്രതിരോധത്തില്‍ തട്ടിനിന്നു. ആദ്യ മിനിറ്റുകളിലെ ഗോളും തുടര്‍ന്നു നടത്തിയ പ്രതിരോധ തന്ത്രവും അല്‍ബേനിയയെ തുണച്ചു.
ക്രൊയേഷ്യന്‍ ഗോള്‍ക്കീപ്പര്‍ ലിവാക്കോവിച്ചിന്റെ മികച്ച പ്രകടനം കൂടിയില്ലായിരുന്നെങ്കില്‍ ക്രൊയേഷ്യക്ക് കിട്ടിയ ഗോളെണ്ണം കൂടുമായിരുന്നു. 31-ാം മിനിറ്റില്‍ അസനിക്ക് ലഭിച്ച തുറന്ന അവസരം മികച്ചൊരു സേവിലൂടെ ലിവാക്കോവിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.