euro cup 2024 portugal beats turkey
മ്യൂണിക്ക്: യൂറോ കപ്പിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തുർക്കിയെ വീഴ്ത്തി ഗ്രൂപ്പ് എഫിൽ നിന്ന് പ്രീ ക്വാർട്ടറിലെത്തി പോർച്ചുഗൽ. ബെർണാഡോ സിൽവയും ബ്രൂണോ ഫെർമാണ്ടസും പോർച്ചുഗലിനായി സ്കോർ ചെയ്തപ്പോൾ തുർക്കി പ്രതിരോധ നിരയിലെ സാമെറ്റ് അകായ്ദിൻറെ സെൽഫ് ഗോൾ പോർച്ചുഗലിന് ഒരു ഗോൾ കൂടി നേടികൊടുത്തു.
ആദ്യ പകുതിയിൽ പോർച്ചുഗൽ രണ്ട് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിൻറെ ഗോളിന് വഴിയൊരുക്കിയ നിർണായക അസിസ്റ്റുമായി നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ യൂറോ കപ്പ് ചരിത്രത്തിൽ ഏഴ് അസിസ്റ്റുകളുമായി ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമായി മാറി. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.
തുടക്കത്തിൽ തുർക്കിയായിരുന്നു കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. സെയ്ക്കി സെലിക്കിൻറെ ക്രോസിൽ കെരീം അക്തുർഗോക്ളുവിന് ലഭിച്ച സുവർണാവസരം ഗോളാക്കി മാറ്റാനാവാഞ്ഞത് തുർക്കിക്ക് തിരിച്ചടിയായി. എന്നാൽ പതുക്കെ കളം പിടിച്ച പോർച്ചുഗൽ 21-ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിലൂടെ മുന്നിലെത്തി. തീർത്തും അപ്രതീക്ഷിതമാണ് പോർച്ചുഗൽ ലീഡുയർത്തിയത്.
സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് തുർക്കി ഡിഫൻഡർ സാമെറ്റ് അകായ്ദിൻ ആണ് പറങ്കിപ്പടയെ സഹായിച്ചത്. 28-ാം മിനിറ്റിലാണ് തുർക്കി താരം ഗോൾ കീപ്പർ ഓടി വരുന്നത് ശ്രദ്ധിക്കാതെ സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചത്. പോർച്ചു ഗൽ മുന്നേറ്റത്തിനൊടുവിൽ കിട്ടിയ പന്ത് ഗോൾ കീപ്പർക്ക് ബാക് പാസ് നൽകിയതാണ് ഗോളായി മാറിയത്.
അകായ്ദിൻ ബാക് പാസ് നൽകുമെന്നത് പ്രതീക്ഷിക്കാതെ പന്തിൻറെ ദിശയിലേക്ക് ഓടി വന്ന ഗോൾ കീപ്പർ ആൾട്ടേ ബായിന്ദറുടെ പ്രതീക്ഷകൾ തെറ്റിച്ച് ഗോൾ കീപ്പർ ഓടിവരുന്നത് ശ്രദ്ധിക്കാതെ അകായ്ദീൻ ബാക് പാസ് നൽകുകയായിരുന്നു. പന്ത് ഗോൾവര കടക്കുന്നത് തടയാനായി ബായിന്ദർ തിരിഞ്ഞോടി ഗോൾ ലൈൻ സേവിന് ശ്രമിച്ചെങ്കിലും അതിന് മുമ്പ് പന്ത് ഗോൾ വര കടന്നിരുന്നു.
പോർച്ചുഗൽ മുന്നേറ്റത്തിൽ ജോവോ കോൺസാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലക്ഷ്യമിട്ട് നൽകിയ പാസാണ് അകായ്ദീൻ ഗോളിലേക്ക് തിരിച്ചുവിട്ടത്. പിന്നീട് പോർച്ചുഗലിന് ഗോളിലേക്കുള്ള വഴി തെറ്റിയെങ്കിലും രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിൻറെ വിജയം ഉറപ്പിച്ച മൂന്നോ ഗോളും നേടി. ആദ്യ മത്സരത്തിൽ തുർക്കി ജോർജിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു.