Germany’s Niclas Fullkrug celebrates scoring a goal with Thomas Muller and Maximilian Mittelstadt before.
മ്യൂണിക്ക്: യൂറോ കപ്പിൽ സ്‌കോട്‌ലൻഡിനെ എതിരില്ലാത്ത ഒന്നിനെതിരെ അഞ്ച് ഗോളിന് ജർമനിയുടെ തകർപ്പൻ ജയം. ഫ്‌ളോറിയൻ വിർട്‌സ്, ജമാൽ മുസിയാല, കയ് ഹാവെർട്‌സ്, നിക്ലാസ് ഫുൾക്രുഗ്, എമ്ര കാൻ എന്നിവരാണ് ജർമനിയ്ക്കായി ഗോളുകൾ നേടിയത്.ആദ്യപാതിയിൽ തന്നെ ജർമനി 3-0ത്തിന് മുന്നിലായിരുന്നു. അന്റോണിയോ റുഡിഗറിന്റെ സെൽഫ് ഗോളാണ് സ്‌കോട്‌ലൻഡിന് ആശ്വാസം നൽകിയത്.
10-ാം മിനിറ്റിലാണ് ആദ്യ ഗോൾ വല കുലുക്കിയത്. ജോഷ്വ കിമ്മിച്ചിന്റെ അസിസ്റ്റിലായിരുന്നു വിർട്‌സിന്റെ ഗോൾ. വലത് വിംഗിൽ നിന്ന് കിമ്മിച്ച് നൽകിയ പന്ത് പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്ന് വിർസ് നിറയൊഴിക്കുകയായിരുന്നു. ഒമ്പത് മിനിറ്റുകൾക്ക് ശേഷം രണ്ടാം ഗോളും പിറന്നു.ഹാവെർട്‌സിന്റെ അസിസ്റ്റിൽ മുസിയാല ഗോൾ നേടുകയായിരുന്നു. ബോക്‌സിനുള്ളിൽ നിന്ന് തൊടുത്ത ഷോട്ട് നെറ്റിൽ പതിച്ചു. ഇതിനിടെ ഒരു പെനാൽറ്റി ഗോൾ നേടാനുള്ള അവസരം ജർമനിക്ക് വാറിൽ നഷ്ടമാവുകയും ചെയ്തു.
44-ാം മിനിറ്റിൽ റ്യാൻ പോർടൗസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സ്‌കോട്‌ലൻഡിന് തിരിച്ചടിയായി. ഇതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഹാവെർട്‌സ് ഗോളാക്കുകയും ചെയ്തു. ഇതോട ആദ്യപാതിക്ക് അവസാനമായി. 10 പേരായി ചുരുങ്ങിയ സ്‌കോട്‌ലൻഡിന് പിന്നീട് ഒന്നും ചെയ്യാൻ സാധിച്ചില്ല. കൂടുതൽ പ്രതിരോധത്തിലേക്ക് പോവുകയാണ് അവർ ചെയ്തത്. ഇതിനിടെ 68-ാം മിനിറ്റിൽ ജർമനി അടുത്ത ഗോൾ കണ്ടെത്തി. ഫുൾക്രുഗിന്റെ ശക്തമായ ഷോട്ട് ടോപ് കോർണറിലേക്ക്. സ്‌കോട്ടിഷ് പ്രതിരോധത്തിലെ പിഴവാണ് താരം മുതലാക്കിയത്.
76-ാം മിനിറ്റിൽ ഫുൾക്രുഗിന്റെ മറ്റൊരു ഗോൾ വാർ പരിശോധനയിൽ നഷ്ടമായി. എന്നാലും 87-ാം മിനിറ്റിൽ സ്‌കോട്‌ലൻഡ് ഒരു ഗോൾ കണ്ടെത്തി. ജർമൻ പ്രതിരോധ താരം അന്റോണിയോ റുഡിഗറിന്റെ ദാനമയാിരുന്നു ആ ഗോൾ. ഇഞ്ചുറി സമയത്ത് കാൻ പട്ടിക പൂർത്തിയാക്കി. തോമസ് മുള്ളറുടെ അസിസ്റ്റിലായിരുന്നു ഗോൾ.