/kalakaumudi/media/media_files/2025/10/23/goa-2025-10-23-08-11-11.jpg)
ഗോവ: എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ അല്‍ നസ്‌റിനെതിരെ എഫ്‌സി ഗോവ 2-1നു തോറ്റെങ്കിലും അതിനു വിജയത്തോളം തന്നെ മധുരമുണ്ട്.
ഏയ്ഞ്ചലോ ഡമാസിനോ (10), ഹാറൂണ്‍ കമാറ ( 26) എന്നിവരാണു സൗദി ക്ലബ്ബിന്റെ ഗോളുകള്‍ നേടിയത്. ഗോവയുടെ മറുപടി ഗോള്‍ ലോക്കല്‍ ഹീറോ ബൈസണ്‍ ഫെര്‍ണാണ്ടസിലൂ ടെയായിരുന്നു (41). എഫ്‌സി ഗോവയ്‌ക്കെതിരെ അല്‍ നസ്‌റിന്റെ ഹോം മത്സരം അടുത്ത മാസം 5നാണ്. ജയത്തോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ടില്‍ അല്‍ നസ്‌റിനു 3 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റായി.
പ്രതിരോധത്തില്‍ കോട്ടകെട്ടി, പന്തു കിട്ടിയപ്പോഴെല്ലാം അതിവേഗ പ്രത്യാക്രമണത്തിന്റെ തിരി കൊളുത്തിയാണ് ഗോവ പിടിച്ചു നിന്നത്. മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്ക് മുന്നില്‍ അല്‍ നസ്ര്‍ ആദ്യം പ്രദര്‍ശിപ്പിച്ചതു പുതുമുഖ സിനിമയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരാത്തതിന്റെ നിരാശ മാറാത്ത ആരാധകര്‍ക്കു വീണ്ടും നിരാശ.
സാദിയോ മാനെയും ജോവ ഫെലിക്‌സും കിങ്സ്ലി കോമാനുമെല്ലം ബെഞ്ചില്‍. സ്പാനിഷ് താരം ഇനിഗോ മാര്‍ട്ടിനെസും ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ ബെന്റോയുമായിരുന്നു കളത്തിലിങ്ങിയ സൂപ്പര്‍ താരങ്ങള്‍. നക്ഷത്രങ്ങള്‍ പുറത്തിരുന്ന ആദ്യ പകുതിയില്‍ അല്‍ നസ്‌റിനായി മിന്നിയത് ബ്രസീലിയന്‍ താരം ഏയ്ഞ്ചലോ ഡമസാനോയാണ്. മധ്യനിരയ്ക്കും മുന്നേറ്റത്തിനുമിടയിലെ പാലമായി മാറിയ ഇരുപതുകാരന്റെ ബൂട്ടില്‍ നിന്നു തന്നെയായിരുന്നു ആദ്യ ഗോളും.
കളി തുടങ്ങിയതോടെ, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിലെ മഴ പോലെ എഫ്‌സി ഗോവ പകുതിയിലേക്ക് അല്‍ നസ്‌റിന്റെ ആക്രമണം തുടങ്ങി. വേനല്‍ മഴ പോലെ ഇടയ്ക്കിടെ എഫ്‌സി ഗോവയുടെ പ്രത്യാക്രമണം. സന്ദേശ് ജിങ്കാനും പോള്‍ മൊറോനോയും കെട്ടിയ പ്രതിരോധ തടയണയില്‍ തട്ടിയാണ് അല്‍ നസ്‌റിന്റെ പല മുന്നേറ്റങ്ങളും വഴി മാറിയത്. പരാജയത്തിലും തലയുയുര്‍ത്തി നില്‍ക്കാന്‍ ഗോവയ്ക്കു കരുത്തായതും പ്രതിരോധബലം തന്നെ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
