/kalakaumudi/media/media_files/2025/08/20/fabio-2025-08-20-19-32-57.jpg)
മരക്കാന: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടംനേടി ബ്രസീലിയന്‍ വെറ്ററന്‍ താരം ഫാബിയോ. അമേരിക്ക ഡി കാലിക്കെതിരെ മരക്കാനയില്‍ വച്ച് നടന്ന മത്സരത്തില്‍ 2-0-ന് ഫ്‌ലുമിനെന്‍സ് വിജയിച്ച മത്സരത്തില്‍ ഇറങ്ങിയപ്പോള്‍ ഫാബിയോ തന്റെ 1,391-ാമത്തെ മത്സരമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കി. ഇതോടെ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച പുരുഷ ഫുട്‌ബോള്‍ താരമെന്ന റെക്കോര്‍ഡ് ഈ 44-കാരന്‍ തന്റെ പേരില്‍ കുറിച്ചു.
1,390 മത്സരങ്ങള്‍ കളിച്ച ഇതിഹാസ താരം പീറ്റര്‍ ഷില്‍ട്ടന്റെ ഔദ്യോഗിക റെക്കോര്‍ഡാണ് ഫാബിയോ മറികടന്നത്. ഫിഫയും കോണ്‍മെബോളും ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഫ്‌ലുമിനെന്‍സും പ്രമുഖ ബ്രസീലിയന്‍ മാധ്യമങ്ങളും ഫാബിയോയുടെ ഈ അഭൂതപൂര്‍വ്വമായ നേട്ടം ആഘോഷിക്കുകയാണ്.
ഷില്‍ട്ടണ്‍ വിരമിച്ച 1997-ല്‍ തന്റെ കരിയര്‍ ആരംഭിച്ച ഫാബിയോയുടെ കായികക്ഷമതയും പ്രൊഫഷണലിസവും ശ്രദ്ധേയമാണ്. പരിക്കുകള്‍ കാരണം കളിക്കാരുടെ കരിയര്‍ വേഗത്തില്‍ അവസാനിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഫാബിയോയുടെ ഈ നേട്ടം.
ക്രുസെയ്‌റോയ്ക്കായി 976 മത്സരങ്ങള്‍, വാസ്‌കോ ഡ ഗാമയ്ക്കായി 150, യൂണിയോ ബാന്‍ഡൈറന്റ്സിനൊപ്പം 30, ഇപ്പോള്‍ ഫ്‌ലുമിനെന്‍സ് ക്ലബിനായി 235 മത്സരങ്ങളും ഫാബിയോ കളിച്ചു. 2023-ലെ കോപ്പ ലിബര്‍ട്ടഡോറസ്, ഈ വര്‍ഷം നടന്ന ക്ലബ് ലോകകപ്പ് സെമിഫൈനല്‍ എന്നിവയുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഫാബിയോയുടെ കരിയറിലുണ്ട്.