fans says mohammad rizwan is acting during the ind vs pak match
ന്യൂയോർക്ക്: ടി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിലെ ഒരു സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടൻ ചർച്ച.മത്സരത്തിനിടെ സിറാജ് വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് ദേഹത്ത് കൊണ്ട് വേദനയാൽ പുളയുന്ന പാക് താരം മുഹമ്മദ് റിസ്‌വാന്റെ ദൃശ്യം പുറത്ത് വന്നിരുന്നു.എന്നാൽ ഇത് അഭിനയമാണെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്.
റിസ്‌വാന്റെ തന്നെ പഴയൊരു പ്രതികരണം ആയുധമാക്കുകയാണ് ഇവിടെ വിമർശകർ. മുഹമ്മദ് റിസ്‌വാൻ കളത്തിലിറങ്ങിയാൽ പിന്നെ ടീം ഫിസിയോയ്ക്ക് വിശ്രമമില്ല എന്നൊരു അടക്കം പറച്ചിലുണ്ട് ക്രിക്കറ്റ് ലോകത്ത്. വേദന കൊണ്ട് പുളയുന്ന റിസ്‌വാനെ പരിചരിക്കാൻ ഓടിയെത്തുന്ന ഫിസിയോ പാകിസ്ഥാന്റെ മിക്ക മത്സരങ്ങളിലെയും സ്ഥിരം കാഴ്ചയാണ്.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് മത്സരത്തിലും ഇങ്ങനെയൊരു സന്ദർഭമുണ്ടായിരുന്നു.എന്നാൽ റിസ്‌വാൻറേത് വെറും അഭിനയമാണെന്ന് ഭൂരിഭാഗം പേരും പറയുന്നത്.അതിന് കാരണവുമുണ്ട്.കഴിഞ്ഞ ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ മൈതാനത്ത് വേദന കൊണ്ട് പുളഞ്ഞ റിസ്‌വാൻ മത്സരശേഷം പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ഉയർന്നുവരുന്നത്.വേദനയെ കുറിച്ച് ചോദിച്ചപ്പോൾ ചില സമയത്ത് പേശിവലിവ്, ചില സമയത്ത് അഭിനയം എന്നായിരുന്നു റിസ്വാന്റെ പ്രതികരണം.
ഇതാണ് റിസ്‌വാന്റെ കഴിഞ്ഞ ദിവസത്തെ പരിക്കിനെയും പലരും സംശയിച്ചതിൻപെ പ്രധാന കാരണം.ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വിക്കറ്റിലേക്ക് എറിഞ്ഞ ഒരു പന്ത് താരത്തിന്റെ കയ്യിൽ കൊണ്ടിരുന്നു.അതിനിടെ റിസ്‌വാന്റെ ബാറ്റിംഗിനെ കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ എക്‌സിൽ കുറിച്ചിട്ട വാക്കുകളും ചർച്ചയാകുന്നുണ്ട്.
വേദന കടിച്ചമർത്തിയുള്ള റിസ്‌വാന്റെ ബാറ്റിങ് ഞാൻ ഇഷ്ടപ്പെടുന്നെന്നും മിക്കപ്പോഴും അദ്ദേഹം ഇങ്ങനെ തന്നെയാണ് ബാറ്റ് ചെയ്യാറെന്നും മത്സരത്തിനിടെ ഇന്ത്യൻ താരം ആർ അശ്വിൻ എക്‌സിൽ കുറിച്ചു. എന്നാൽ പാർട്ട് ടൈം ക്രിക്കറ്റർ, ഫുൾ ടൈം ആക്ടർ, ഓസ്‌കറിന് അർഹതയുള്ള അഭിനയം എന്നിങ്ങനെയായിരുന്നു അശ്വിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ.