/kalakaumudi/media/media_files/2025/06/23/fifa-club-world-cup-2025-1080x675-2025-06-23-20-39-18.jpg)
FIFA-Club-World-Cup-2025
ലണ്ടന്‍: ഫിഫ ക്ലബ് ലോകകപ്പില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ചെല്‍സി രാത്രി 12.30 ബ്രസീലിയന്‍ ക്ലബ് ഫ്ലുമിനന്‍സിനെ നേരിടും. യുവത്വത്തിന്റെ പ്രസരിപ്പുമായിട്ടാണ് ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും ഇറങ്ങുന്നത്. പരിചയ സമ്പന്നരുടെ നിരയുമായി ബ്രസീലിയന്‍ ക്ലബ് ഫ്ലുമിന്‍സും.
ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ടീമുകളില്‍ ഒന്നായ ഫ്ലുമിനന്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ ഹിലാലിനെയും വീഴ്ത്തിയ ആത്മ വിശ്വാസത്തിലാണ്.
ചെല്‍സി ക്വാര്‍ട്ടറില്‍ കീഴടക്കിയത് ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിനെ. ക്വാര്‍ട്ടറില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്‌ലൂമിനന്‍സിന്റെ സെമി പ്രവേശം. ചെല്‍സി ഇതേ സ്‌കോറിനാണ് പാല്‍മിറാസനെ തോല്‍പ്പിച്ചത്. ഒറ്റക്കളിയും തോല്‍ക്കാതെ ഫ്ലുമിനന്‍സ് സെമി പോരിനിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം തിയാഗോ സില്‍വ. നാലു വര്‍ഷം ചെല്‍സിയുടെ താരമായിരുന്നു ബ്രസീലിയന്‍ ഡിഫന്‍ഡര്‍. ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള ട്രോഫികള്‍ നേടിയിട്ടുള്ള നാല്‍പതുകാരന്‍ ഫ്ലുമിനന്‍സിനൊപ്പം ലക്ഷ്യമിടുന്നത് ലോക കിരീടം.
ബ്രസീലിയന്‍ ക്ലബ് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നത് സസ്പെന്‍ഷനിലായ സെന്റര്‍ ബാക്ക് യുവാന്‍ പാബ്ലോ ഫ്രെയ്റ്റസും മിഡ്ഫീല്‍ഡര്‍ മാര്‍ട്ടിനെല്ലിയും ഇല്ലാതെ.
ഇരുവരുടേയും അഭാവം നികത്തുകയാവും ഫ്ലുമിനന്‍സ് കോച്ച് റെനാറ്റോ ഗൗച്ചോയുടെ പ്രധാന വെല്ലുവിളി. രണ്ടാം കിരീടം ലക്ഷ്യമിടുന്ന ചെല്‍സി ഉറ്റുനോക്കുന്നത് നെറ്റോ, പാമര്‍, എന്‍കുകു, പെഡ്രോ എന്നിവരടങ്ങിയ മുന്നേറ്റനിരയിലേക്ക്. പരിക്കേറ്റ നായകന്‍ റീസെ ജയിംസിന്റെ അഭാവം ചെല്‍സിക്കും തിരിച്ചടി.
രണ്ടാം സെമിഫനലില്‍ റയല്‍ മാഡ്രിഡ് നാളെ രാത്രി യുവേഫ ചാന്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിയുമായി ഏറ്റുമുട്ടും.