/kalakaumudi/media/media_files/2024/12/05/fuGorCet7LgCwIr2xNzw.jpg)
ഇംഗ്ലണ്ടിനെതിരെയായ അവസാന ടി-20 മത്സരത്തിൽ സെഞ്ച്വറി നേടി മിന്നും പ്രകടനമായിരുന്നു ഇന്ത്യൻ താരം അഭിഷേക് ശർമ്മ നടത്തിയത്. ഈ സെഞ്ച്വറിക്ക് പിന്നാലെ വലിയ അഭിനന്ദന പ്രവാഹങ്ങളാണ് ക്രിക്കറ്റ് ലോകത്തിൽ നിന്നും അഭിഷേകിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ അഭിഷേക് ശർമയെ അഭിനന്ദിച്ചുകൊണ്ട് ഫിഫയും മുന്നോട്ട് വന്നിരിക്കുകയാണ്. സ്പാനിഷ് യുവതാരം ലാമിൻ യമാലുമായി അഭിഷേകിനെ താരതമ്യപ്പെടുത്തിയാണ് ഫിഫ എത്തിയത്. ഫിഫ ഇരുതാരങ്ങളുടെയും ചിത്രങ്ങൾ തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.'ഒരു ശോഭനമായ ഭാവി എങ്ങനെയായിരിക്കും?' എന്നാണ് ഫിഫ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. മത്സരത്തിൽ 54 പന്തിൽ 135 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. 250 പ്രഹരശേഷിയിൽ 13 കൂറ്റൻ സിക്സറുകളും ഏഴ് ഫോറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണിത്. മത്സരത്തിൽ 150 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഭിഷേകിന്റെ സെഞ്ച്വറി കരുത്തിൽ 247 റൺസാണ് ഇന്ത്യ നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 97 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.