ഫിഫ റാങ്കിംഗ്: ഇന്ത്യക്ക് കനത്ത തിരിച്ചടി

2016 ഡിസംബറില്‍ 135ആം സ്ഥാനത്തായതാണ് ഇതിന് മുന്‍പത്തെ മോശം പ്രകടനം.

author-image
Jayakrishnan R
New Update
india

india



 

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് കനത്ത തിരച്ചടി. പുതിയ റാങ്കിംഗില്‍ ആറ് സ്ഥാനം നഷ്ടമായ ഇന്ത്യ 133ആം റാങ്കിലേക്ക് വീണു. സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്. ഏഷ്യന്‍ റാങ്കിങ്ങില്‍ 24ആം സ്ഥാനത്താണ് ഇന്ത്യ. 

2016 ഡിസംബറില്‍ 135ആം സ്ഥാനത്തായതാണ് ഇതിന് മുന്‍പത്തെ മോശം പ്രകടനം. 97ആം സ്ഥാനം വരെ ഉയര്‍ന്ന ഇന്ത്യക്ക് തുടര്‍ച്ചയായ തോല്‍വികളാണ് തിരിച്ചടിയായത്. അവസാന പതിനാറ് മത്സരത്തില്‍ നിന്ന് ഇന്ത്യ ഒറ്റക്കളിയില്‍ മാത്രമാണ് ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് മനോലോ മാര്‍ക്വേസ് അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു.

എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഹോങ്കോംഗിനെതിരായ തോല്‍വിയോടെ 2027ലെ എ എഫ് സി ഏഷ്യാ കപ്പില്‍ യോഗ്യത നേടാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റിരുന്നു. ഇനിയുള്ള നാലു യോഗ്യതാ മത്സരങ്ങളിലും ജയിച്ചാലെ ഇന്ത്യക്ക് യോഗ്യത നേടാനാവു. ഹോങ്കോംഗിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ കളിപ്പിക്കാതിരുന്ന മാര്‍ക്വേസിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

2024ല്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ പിന്‍ഗാമിയായാണ് ഐഎസ്എല്ലില്‍ എഫ് സി ഗോവയുടെ പരിശീലകന്‍ കൂടിയായിരുന്നു മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ആദ്യ സീസണില്‍ ഗോവയുടെയും ഇന്ത്യയുടെയും പരിശീലക ചുമതല ഒരുമിച്ചായിരുന്നു മാര്‍ക്വേസ് വഹിച്ചത്. 13 മാസത്തെ കരാര്‍ കൂടി ബാക്കിയിരിക്കെയാണ് മാര്‍ക്വേസ് സ്വയം പിന്‍മാറിയത്.

 

 

sports football