ബെംഗളൂരു: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 പബ്ബിന് ബെംഗളൂരു കോര്‍പ്പറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സ്ഥാപനത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍.ഒ.സി.യില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസയച്ചത്. വെങ്കടേഷ് എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എന്‍.ഒ.സി.യില്ലെന്ന കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വെങ്കടേഷ് പരാതിയുമായി മുന്നോട്ടുപോയതോടെയാണ് കോര്‍പ്പറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് വണ്‍ 8 അറിയിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവര്‍ത്തിക്കുന്നത്.
രാത്രി ഒരു മണിക്ക് ശേഷം പബ്ബ് പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ നേരത്തേയും സ്ഥാപനത്തിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതില്‍ ബെംഗളൂരു പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്ററും ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ എം.ജി. റോഡില്‍ നിശ്ചിത സമയപരിധിക്കപ്പുറം പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കൊപ്പമാണ് വണ്‍ 8-നെതിരെയും നടപടിയുണ്ടായത്. അനുവദിച്ച സമയം കഴിഞ്ഞും പ്രദേശത്തുനിന്ന് വലിയ ഉച്ചത്തില്‍ മ്യൂസിക് കേള്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പബ്ബ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി, മുംബൈ, പുണെ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വണ്‍ 8-ന് ശാഖകളുണ്ട്.