ഡൊന്നാരുമ പിഎസ്ജി വിടുന്നു

ഡൊന്നാരുമക്ക് 2026 ജൂണ്‍ വരെ പിഎസ്ജിയില്‍ കരാറുണ്ടായിരുന്നു. താരത്തെ ടീമിലെത്തിക്കാനായി ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍മിലാന്‍ എന്നീ ക്ലബ്ബുകള്‍ ചര്‍ച്ച തുടങ്ങിയതായാണ് വിവരം.

author-image
Biju
New Update
donna

പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടുകയാണെന്ന പ്രഖ്യാപനവുമായി അടുത്തിടെ വരെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ഇറ്റാലിയന്‍ സൂപ്പര്‍ താരം ജിയാന്‍ ല്യൂജി ഡൊന്നാരുമ. 'താന്‍ ഇനി പിഎസ്ജിയില്‍ വേണ്ടെന്ന് ചിലര്‍ തീരുമാനിച്ചിരിക്കുന്നു' എന്ന വെളിപ്പെടുത്തലോടെയാണ് ടീം വിടുന്ന കാര്യം ഡൊന്നാരുമ പരസ്യമാക്കിയത്. ഇന്നു നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിനുള്ള പിഎസ്ജി സംഘത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ക്ലബ് വിടുകയാണെന്ന് ഡൊന്നാരുമ പ്രഖ്യാപിച്ചത്.

ഡൊന്നാരുമക്ക് 2026 ജൂണ്‍ വരെ പിഎസ്ജിയില്‍ കരാറുണ്ടായിരുന്നു. താരത്തെ ടീമിലെത്തിക്കാനായി ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍മിലാന്‍ എന്നീ ക്ലബ്ബുകള്‍ ചര്‍ച്ച തുടങ്ങിയതായാണ് വിവരം. യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ പിഎസ്ജി ഇന്ന് ടോട്ടനം ഹോട്‌സ്പറിനെ നേരിടാനിരിക്കെയാണ് താരം ടീം വിടുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 

'പിഎസ്ജിയുടെ ഏറ്റവും പ്രിയപ്പെട്ട ആരാധകര്‍ക്ക്... ഞാന്‍ ടീമിലേക്കു വന്ന ദിവസം മുതല്‍ കളിക്കളത്തിലും പുറത്തും എന്നേക്കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇനി ടീമിന്റെ ഭാഗമാകേണ്ടെന്നും വിജയത്തില്‍ പങ്കാളിയാകേണ്ടെന്നും നിര്‍ഭാഗ്യവശാല്‍ ചിലര്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ അങ്ങേയറ്റം നിരാശയിലാണ്'  ഇറ്റലി ദേശീയ ടീം ക്യാപ്റ്റന്‍ കൂടിയായ ഡൊന്നാരുമ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തില്‍ ഉള്‍പ്പെടെ നിര്‍ണായക പങ്കുവഹിച്ചയാളാണ് 26കാരനായ താരം. 

അതേസമയം, ഡൊന്നാരുമയെ ടീമിലെടുക്കാത്ത തീരുമാനത്തിന്റെ 100 ശതമാനം ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നുവെന്ന് പിഎസ്ജി കോച്ച് ലൂയിസ് എന്റിക്വെ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് ഡൊന്നാരുമ. എന്നാല്‍ ചിലപ്പോള്‍ ഇത്തരം കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

ഫ്രഞ്ച് ക്ലബ് ലീലിന്റെ ഇരുപത്തിമൂന്നുകാരന്‍ ഗോളി ലൂക്കാസ് ഷെവലിയറുമായി പിഎസ്ജി കഴിഞ്ഞ ദിവസം 5 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതോടെ ഡൊന്നാരുമ ടീം വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുപത്തിയാറുകാരനായ ഡൊന്നാരുമയ്ക്കു പകരം ഷെവലിയറിനെ പിഎസ്ജി ഒന്നാം ഗോളിയാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. മുന്‍പ് സമാനമായ സാഹചര്യത്തിലാണ് ഡൊന്നാരുമയും പിഎസ്ജിയിലെത്തിയത്. 2021ല്‍ മികച്ച ഫോമിലായിരുന്ന ഗോളി കെയ്ലര്‍ നവാസിനെ ബെഞ്ചിലിരുത്തിയായിരുന്നു ഡൊന്നാരുമയുടെ അരങ്ങേറ്റം.

പിഎസ്ജിയുമായി ഒരു വര്‍ഷത്തെ കരാര്‍ മാത്രം ബാക്കിയുള്ള ഡൊന്നാരുമ കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതാണ് ഇത്തവണ പ്രശ്‌നമായത്. ഒരു സീസണ്‍ കൂടി പൂര്‍ത്തിയാക്കി ഫ്രീഏജന്റായി ക്ലബ് വിടാന്‍ ഡൊന്നാരുമയെ പിഎസ്ജി അനുവദിക്കില്ലെന്ന് വ്യക്തമായിരുന്നു. കിലിയന്‍ എംബപെ റയല്‍ മഡ്രിഡിലേക്കു പോയപ്പോള്‍ പിഎസ്ജിക്ക് ഈ വിധത്തില്‍ നഷ്ടം സംഭവിച്ചിരുന്നു. അതിനാല്‍ ഈ വര്‍ഷം തന്നെ പുകച്ചു ചാടിച്ച് ട്രാന്‍സ്ഫര്‍ ഫീ ഇനത്തില്‍ വരുമാനം നേടാനായിരുന്നു ക്ലബിന്റെ ശ്രമം.

നിലവില്‍ ഡൊന്നാരുമ ഉള്‍പ്പെടെ 4 ഗോളികള്‍ പിഎസ്ജിയിലുണ്ട്. അവിടേക്കു ഷെവലിയര്‍ കൂടി എത്തുന്നതോടെ രണ്ടു ഗോള്‍കീപ്പര്‍മാരെ എങ്കിലും പിഎസ്ജിക്ക് ഉടന്‍ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കൂവഹിച്ച ഗോളിയാണ് ഇറ്റലിക്കാരന്‍ ഡൊന്നാരുമ. കഴിഞ്ഞ സീസണില്‍ ലീലിനായി ഷെവലിയറും മികച്ച പ്രകടനമാണു നടത്തിയത്. 17ന് നാന്റസിനെതിരെയാണ് പിഎസ്ജിയുടെ ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരം.