ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ.എസ് ബിന്ദ്ര അന്തരിച്ചു

ക്രിക്കറ്റ് രംഗത്തെ മികച്ച സംഘാടകനും ഭരണകര്‍ത്താവും എന്നനിലയില്‍ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം 2015-ല്‍ 'ഐഎസ് ബിന്ദ്ര സ്റ്റേഡിയം' എന്ന് പുനര്‍നാമകരണംചെയ്തു

author-image
Biju
New Update
bindra2

ന്യൂഡല്‍ഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് ഇന്ദര്‍ജിത് സിങ് ബിന്ദ്ര അന്തരിച്ചു. 84 വയസായിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.

1993 മുതല്‍ 96 വരെ ബിസിസിഐ പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 1978 മുതല്‍ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പദവിയും വഹിച്ചു. ക്രിക്കറ്റ് രംഗത്തെ മികച്ച സംഘാടകനും ഭരണകര്‍ത്താവും എന്നനിലയില്‍ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം 2015-ല്‍ 'ഐഎസ് ബിന്ദ്ര സ്റ്റേഡിയം' എന്ന് പുനര്‍നാമകരണംചെയ്തു.

1975-ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര ക്രിക്കറ്റ് രംഗത്തെത്തുന്നത്. 1987-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍വെച്ച് നടത്തുന്നതില്‍ ജഗ്മോഹന്‍ ഡാല്‍മിയ, എന്‍കെപി സാല്‍വേ എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മാത്രമല്ല ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണത്തിലും സുപ്രധാന പങ്കുവഹിച്ചത് ഐഎസ് ബിന്ദ്രയായിരുന്നു. 

1994-ല്‍ ക്രിക്കറ്റ് സംപ്രേഷണത്തില്‍ ദൂരദര്‍ശനുണ്ടായിരുന്ന കുത്തകാവകാശത്തിനെതിരേ ബിന്ദ്ര സുപ്രീംകോടതിയെ സമീപിച്ചത് വലിയ ശ്രദ്ധനേടി. ഒടുവില്‍ ബിന്ദ്രയും കൂട്ടരും സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധിയും സ്വന്തമാക്കി. ഇതോടെയാണ് ആഗോള കമ്പനികള്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേഷണ രംഗത്തേക്കെത്തിയത്. ശരദ് പവാര്‍ ഐസിസി പ്രസിഡന്റായിരുന്നപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രധാന ഉപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.