ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലോസ് ആഞ്ജലിസിലെ കാട്ടുതീയില്‍ ഒളിംപിക് മെഡലുകളും വീടും നഷ്ടപ്പെട്ടുവെന്ന് മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍. കാട്ടുതീ കാരണം പതിനായിരകണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്.
ജനുവരി ഏഴിന് പടര്‍ന്ന ലോസ് ആഞ്ജലിസിലെ കാട്ടുതീ ഇതുവരെയും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. പസിഫിക്ക് പാലിസാഡ്സിലുള്ള തന്റെ വസതിയും 10 ഒളിംപിക് മെഡലുകളും നഷ്ടമായതായി ഓസ്ട്രലിയന്‍ താരം പറയുന്നു. വീട്ടിലെ കുറച്ചു സാധനങ്ങളും വളര്‍ത്തു നായയേയും മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ തുടരെ രണ്ടുവട്ടം ഒളിംപിക്സ് സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍. 2000-ത്തില്‍ സിഡ്നി, 2004-ല്‍ ഏഥന്‍സ് ഒളിംപിക്സുകളിലായിരുന്നു നേട്ടം. 1996ലെ ഒളിംപിക്സില്‍ റിലേ പോരാട്ടങ്ങളില്‍ 3 സ്വര്‍ണ മെഡലുകളും താരത്തിനുണ്ട്. കൂടാതെ 3 വെള്ളി, രണ്ട് വേങ്കലം എന്നീ മെഡലുകളും ഉണ്ട്. ഇതെല്ലാമാണ് പടര്‍ന്നു പിടിച്ച തീയില്‍ നഷ്ടമായത്. കെന്നത്, ഈറ്റണ്‍ എന്നീ കാട്ടുതീകളാണ് ലോസ് ആഞ്ചലസില്‍ അപകടം വിതച്ചത്. 10 പേരാണ് വെന്തുമരിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ഹോളിവുഡ് താരങ്ങളുടെ വീടുകളെയും തീ വിഴുങ്ങി.