/kalakaumudi/media/media_files/2026/01/27/michael-2026-01-27-18-41-19.jpg)
പാരീസ്: 12 വര്‍ഷത്തിന് ശേഷം സന്തോഷവും പ്രതീക്ഷയും നല്‍കുന്ന ആ വര്‍ത്ത എത്തുന്നു. ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനാണ് തുടക്കമാവുന്നത്. വേഗതയുടെ രാജാവിന് ഇനി കിടക്കയില്‍ കിടന്ന് ഓരോ ദിനവും തള്ളി നീക്കേണ്ട. കോമയിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് അസാധ്യമാണെന്ന വാദങ്ങളെ കാറ്റില്‍ പറത്തി ഷുമാക്കര്‍ ഇന്ന് നേരെ ഇരിക്കാന്‍ പാകത്തില്‍ എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വീല്‍ച്ചെയറിന്റെ സഹായത്താല്‍ ഷൂമാക്കറിന് തന്റെ മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് മോചനം ലഭിക്കുക കൂടിയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലും സ്‌പെയ്‌നിലുമായാണ് ഷൂമാര്‍ക്കറിന്റെ കഴിഞ്ഞ 12 വര്‍ഷം കടന്ന് പോയത്. ഇവിടെയുള്ള ഷൂമാക്കറിന്റെ വസതികളില്‍ ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരുന്നത്. ഷൂമാക്കറിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ കൊറിന ഉറപ്പാക്കി ഒപ്പം നിന്നു.
24 മണിക്കൂറും മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുടെ നിരീക്ഷണത്തിലായിരുന്നു ഷൂമാക്കര്‍. സ്‌പെഷ്യലൈസ്ഡ് നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ്, കോഗ്‌നിറ്റിവ് എന്‍ഗേജ്‌മെന്റിലും ന്യൂറോളജിക്കല്‍ സ്റ്റിമുലേഷനിലും ശ്രദ്ധ കൊടുക്കുന്ന വിദഗ്ധ തെറാപ്പിസ്റ്റുകള്‍ എന്നിവരുള്‍പ്പെട്ടതാണ് ഷൂമാക്കറുടെ മെഡിക്കല്‍ ടീം. എന്നാല്‍ ആശയവിനിമയം നടത്തുന്നതില്‍ ഷൂമാക്കറിനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുന്നതായി ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ ചുറ്റുപാടുകളെ തിരിച്ചറിയാന്‍ ഷൂമാര്‍ക്കറിന് സാധിക്കുന്നുണ്ട്. ഷൂമാര്‍ക്കറിന്റെ ചികിത്സ, ആരോഗ്യ പുരോഗതി എന്നിവ പുറത്തുവിടേണ്ട എന്ന തീരുമാനമാണ് കുടുംബം സ്വീകരിച്ചത്. ഇവരുടെ സ്വകാര്യത മാനിക്കുമ്പോഴും ഷൂമാക്കറിന്റെ ആരോഗ്യനിലയെ കുറിച്ചറിയാനുള്ള ആകാംക്ഷ ആരാധകരില്‍ നിറഞ്ഞ് നിന്നിരുന്നു.
2013 ഡിസംബര്‍ 23ന് ഉച്ചതിരിഞ്ഞ് ഫ്രാന്‍സിലെ ആല്‍പ്‌സ് മലനിരകളില്‍ സ്‌കീയിങ് നടത്തുമ്പോഴാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെടുന്നത്. ഹെല്‍മറ്റ് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടാതെ കാത്തെങ്കിലും തലച്ചോറിലെ പരുക്കും പിന്നാലെ വേണ്ടി വന്ന രണ്ട് ശസ്ത്രക്രിയകളും 250 ദിവസം നീണ്ട കോമയിലേക്ക് ഷൂമാക്കറെ തള്ളിയിട്ടു.
2012ല്‍ ആണ് ഷൂമാക്കര്‍ ട്രാക്ക് വിടുന്നത്. ഏഴ് വട്ടമാണ് ഷൂമാക്കര്‍ ലോക ചാംപ്യനായത്. 2000 മുതല്‍ 2005 വരെ തുടരെ ലോക ചാംപ്യനാവാന്‍ അദ്ദേഹത്തിന് സാധിച്ചു. തുടരെ ഇത്രയും തവണ ലോക ചാംപ്യനായതിന്റെ റെക്കോര്‍ഡ് ഇതുവരെ ഷൂമാക്കറില്‍ നിന്ന് കൈക്കലാക്കാന്‍ മറ്റൊരു താരത്തിനുമായിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
