Gautam Gambhir & Ajit Agarkar (Image Credit: X)
മുംബൈ: റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും ടീമില്‍ ഉല്‍പ്പെടുത്തുന്നതിനെ ചൊല്ലി ചാമ്പ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തിനിടെ തര്‍ക്കം. പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍െപ്പടുത്തുന്നതിനെയും ശ്രേയസിനെ തിരികെ വിളിക്കുന്നതിനെയും ഗംഭീര്‍ എതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായത്.
സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിഷഭ് പന്ത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കുമെന്നായിരുന്നു അഗാര്‍ക്കര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.
ടീമിലുണ്ടായിരുന്ന ബാക്കി 14 താരങ്ങള്‍ക്കും ഒരു മത്സരത്തിലെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ റിഷഭ് പന്തിന് മാത്രമാണ് അവസരം ലഭിക്കാതിരുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുശേഷം കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഗംഭീര്‍ പ്രത്യേകം എടുത്തുപറഞ്ഞതും ശ്രദ്ധേയമാണ്. തന്റെ സമ്മതമില്ലാതെ അഗാര്‍ക്കര്‍ ടീമിലുള്‍പ്പെടുത്തിയ റിഷഭ് പന്തിനെ വെട്ടുകയാണ് ഇതിലൂടെ ഗംഭീര്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.