മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ അവിശ്വസനീയ ക്യാച്ചുമായി ഞെട്ടിച്ച് ഗ്ലെന്‍ മാക്‌സ്വെല്‍. പുതുവര്‍ഷത്തില്‍ നടന്ന മത്സരത്തില്‍ ബ്രിസ്‌ബേന്‍ ഹീറ്റിനെതിരെയായിരുന്നു ഗുരുത്വാകര്‍ഷണത്തെപോലും വെല്ലുവിളിക്കുന്ന അവിശ്വസനീയ ക്യാച്ച് ബൗണ്ടറിയില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി മാക്‌സ്വെല്‍ കൈയിലൊതുക്കിയത്.
ബ്രിസ്‌ബേന്‍ ഹീറ്റിന്റെ വില്‍ പ്രെസ്റ്റ്വിഡ്ജ് അടിച്ച സിക്‌സെന്നുറപ്പിച്ച ഷോട്ടാണ് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഉയര്‍ന്നു ചാടി കൈയിലൊതുക്കിയ മാക്‌സ്വെല്‍ വായുവില്‍ വെച്ചുതന്നെ പന്ത് ബൗണ്ടറിക്ക് അകത്തേക്ക് ഉയര്‍ത്തിയെറിഞ്ഞശേഷം തിരികെ വന്ന് ഓടിപ്പിടിച്ചത്.
ഈ വര്‍ഷം പല അവിശ്വസനീയ ക്യാച്ചുകളും നമ്മള്‍ കാണാനാരിക്കുന്നുവെങ്കിലും എത്ര എണ്ണം വന്നാലും ഇത് അതില്‍ തലപ്പത്തുണ്ടാകുമെന്നായിരുന്നു ഫോക്‌സ് സ്‌പോര്‍ട്‌സിനുവേണ്ടി കമന്ററി ബോക്‌സിലുണ്ടായിരുന്ന മാര്‍ക്ക് ഹോവാര്‍ഡ് മാക്‌സ്വെല്ലിന്റെ ക്യാച്ചിനെ വിശേഷിപ്പിച്ചത്.