രോഹനും അക്ഷയ്ക്കും അര്‍ധശതകം; കേരളത്തിന് മികച്ച തുടക്കം

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മലിന്റെയും അക്ഷയ് ചന്ദ്രന്റെയും അര്‍ധസെഞ്ചുറി പ്രകടനമാണ് കേരളത്തിന് മുതല്‍കൂട്ടായത്

author-image
Prana
New Update
rohan kunnummal

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മലിന്റെയും അക്ഷയ് ചന്ദ്രന്റെയും അര്‍ധസെഞ്ചുറി പ്രകടനമാണ് കേരളത്തിന് മുതല്‍കൂട്ടായത്. 55 റണ്‍സെടുത്ത രോഹന്‍ അന്‍ഷുല്‍ കാംബോജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും അക്ഷയ് ചന്ദ്രന്‍ 51 റണ്‍സുമായി ക്രീസിലുണ്ട്. 24 റണ്ണുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ആണ് അക്ഷയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. ടോസ് നേടിയ ഹരിയാന കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ബാബ അപരാജിതിനെ നഷ്ടമായ കേരളത്തെ അക്ഷയ്-രോഹന്‍ സഖ്യം കരകയറ്റുകയായിരുന്നു. പതിവിനു വിപരീതമായ രോഹന്‍ ശ്രദ്ധയോടെ ബാറ്റ് വീശി. ആറു ഫോറുകള്‍ അടങ്ങുന്നതായിരുന്നു രോഹന്റെ അര്‍ധശതകം. അക്ഷയ് ആകട്ടെ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 160 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് അക്ഷയ് 51 റണ്‍സിലെത്തിയത്. 
രാവിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഏറെ വൈകിയാണ് മത്സരം തുടങ്ങിയത്. ഹരിയാനയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് കേരളം ഇന്നിറങ്ങുന്നത്. കേരളത്തിന്റെയും ഹരിയാനയുടെയും അഞ്ചാം മത്സരമാണിത്. ഇരുടീമിനും നാലു കളിയില്‍ രണ്ടുവീതം ജയവും സമനിലയുമുണ്ട്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ 19 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഹരിയാനയെ പരാജയപ്പെടുത്തിയാല്‍ കേരളത്തിന് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്താം.

ranji trophy kerala haryana