ഹര്‍ഭജന്റെ അടികൊണ്ട് ഞെട്ടി ശ്രീശാന്ത്, ദൃശ്യങ്ങള്‍ പുറത്തുവിട്ട് ലളിത് മോദി

2008ലെ മത്സരത്തിനിടെ ബ്രോഡ്കാസ്റ്റ് ചെയ്യാത്ത ദൃശ്യങ്ങളാണിത്. ''മത്സരം കഴിഞ്ഞ് ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ എന്റെ സുരക്ഷാ ക്യാമറകളില്‍ ഒന്ന് ഓണായിരുന്നു.

author-image
Biju
New Update
lalith

മുംബൈ: 2008 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് പഞ്ചാബ് കിങ്‌സിന്റെ ശ്രീശാന്തിനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്കല്‍ ക്ലാര്‍ക്കിനു നല്‍കിയ അഭിമുഖത്തിലാണ് ലളിത് മോദി വര്‍ഷങ്ങളായി സൂക്ഷിച്ചുവച്ചിരുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഐപിഎല്‍ ചരിത്രത്തില്‍തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്‌നത്തിന്റെ ദൃശ്യങ്ങള്‍ 'ഇതുവരെ ആരും കാണാത്തത്' എന്ന് അവകാശപ്പെട്ടാണ് ലളിത് മോദി പരസ്യമാക്കിയത്.

2008ലെ മത്സരത്തിനിടെ ബ്രോഡ്കാസ്റ്റ് ചെയ്യാത്ത ദൃശ്യങ്ങളാണിത്. ''മത്സരം കഴിഞ്ഞ് ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ എന്റെ സുരക്ഷാ ക്യാമറകളില്‍ ഒന്ന് ഓണായിരുന്നു. അതാണ് ശ്രീശാന്തും ബാജിയും (ഹര്‍ഭജന്‍ സിങ്) തമ്മിലുള്ള പ്രശ്‌നങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹര്‍ഭജന്‍ കയ്യുടെ പിന്‍ഭാഗം കൊണ്ട് ശ്രീശാന്തിനെ അടിക്കുകയാണ്.'' ലളിത് മോദി അഭിമുഖത്തില്‍ വ്യക്തമാക്കി. 

പുറത്തുവിട്ട ദൃശ്യങ്ങളില്‍ താരങ്ങള്‍ ഷെയ്ക് ഹാന്‍ഡ് നല്‍കുന്നതിനിടെ കയ്യുടെ പിന്‍ഭാഗം കൊണ്ട് ഹര്‍ഭജന്‍ ശ്രീശാന്തിനെ അടിക്കുന്നതു വ്യക്തമായി കാണാം. സംഭവത്തിന്റെ ഞെട്ടലില്‍ കുറച്ചുനേരം തരിച്ചിരുന്ന ശ്രീശാന്തിന് അടുത്തേക്ക് ഹര്‍ഭജന്‍ വീണ്ടും വരുന്നുണ്ട്. തുടര്‍ന്ന് പഞ്ചാബ് കിങ്‌സ് താരങ്ങളും മുംബൈ ഇന്ത്യന്‍സ് താരങ്ങളും ഇടപെട്ട് രണ്ടു കളിക്കാരെയും പിടിച്ചുമാറ്റുന്നുണ്ട്.

ജീവിതത്തിലെ ഏതെങ്കിലും ഒരു കാര്യം തിരുത്താന്‍ സാധിക്കുമെങ്കില്‍, ശ്രീശാന്തുമായുണ്ടായ പ്രശ്‌നങ്ങള്‍ മായ്ച്ചുകളയുമായിരുന്നെന്ന് ഹര്‍ഭജന്‍ സിങ് അടുത്തിടെ പ്രതികരിച്ചിരുന്നു. ''ശ്രീശാന്തിനെ തല്ലിയതിന്റെ പേരില്‍ അദ്ദേഹത്തോട് 200 തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളോളം ആ സംഭവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നെ വേട്ടയാടി. എനിക്കു കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ മാപ്പു പറഞ്ഞിട്ടുണ്ട്.''

''ഒരിക്കല്‍ ശ്രീശാന്തിന്റെ മകളോട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ എന്റെ അച്ഛനെ തല്ലിയ ആളല്ലെ എന്നാണ് അവള്‍ ചോദിച്ചത്. എന്നോടു സംസാരിക്കില്ലെന്നും ശ്രീശാന്തിന്റെ മകള്‍ പറഞ്ഞു. ആ സംഭവത്തിനു ശേഷം ഞാന്‍ കരഞ്ഞുപോയി. ആ പെണ്‍കുട്ടി എന്നെക്കുറിച്ച് വളരെ മോശമായാണു ചിന്തിക്കുന്നത്. അത് എന്നെ തകര്‍ത്തുകളിഞ്ഞു.'' ആര്‍. അശ്വിനുമായി നടത്തിയ ചര്‍ച്ചയില്‍ ഹര്‍ഭജന്‍ വെളിപ്പെടുത്തി. ശ്രീശാന്തിനോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ഹര്‍ഭജന്‍ സിങ്ങിനെ ഐപിഎലില്‍നിന്നു വിലക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പിണക്കം മറന്ന ശ്രീശാന്തും ഹര്‍ഭജന്‍ സിങ്ങും ഇന്ന് അടുത്ത സുഹൃത്തുക്കളാണ്.

sreesanth