വിജയ് ഹസാരെയില്‍ ഹാര്‍ദിക്കിന്റെ ആറാട്ട്

വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ 92 പന്തുകള്‍ നേരിട്ട പാണ്ഡ്യ 11 സിക്‌സുകളും എട്ടു ഫോറുകളുമുള്‍പ്പടെ 133 റണ്‍സാണ് രാജ്‌കോട്ടില്‍ അടിച്ചുകൂട്ടിയത്.

author-image
Biju
New Update
HARDIK

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ 92 പന്തുകള്‍ നേരിട്ട പാണ്ഡ്യ 11 സിക്‌സുകളും എട്ടു ഫോറുകളുമുള്‍പ്പടെ 133 റണ്‍സാണ് രാജ്‌കോട്ടില്‍ അടിച്ചുകൂട്ടിയത്. മത്സരത്തില്‍ 71 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കെയാണ് ബറോഡയുടെ രക്ഷകനായി പാണ്ഡ്യ അവതരിച്ചത്.

ടൂര്‍ണമെന്റിലെ തന്റെ ആദ്യ മത്സരത്തില്‍ ഏഴാം നമ്പരിലായിരുന്നു ഹാര്‍ദിക് ബാറ്റിങ്ങിനിറങ്ങിയത്. ബറോഡയെ 50 ഓവറില്‍ ഒന്‍പതിന് 293 റണ്‍സെന്ന സുരക്ഷിത നിലയിലെത്തിച്ച പാണ്ഡ്യ, ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ചറിയാണു സ്വന്തമാക്കിയത്. മത്സരത്തിന്റെ 39ാം ഓവറില്‍ വിദര്‍ഭയുടെ സ്പിന്നര്‍ പാര്‍ഥ് റേഖഡെ പന്തെറിയാനെത്തിയപ്പോള്‍ ആദ്യ അഞ്ചു പന്തുകളും നിലം തൊടാതെ ബൗണ്ടറി കടന്നു. അവസാനത്തെ ഒരു പന്തു ഫോറും കൂടി നേടിയതോടെ ഈ ഓവറില്‍ മാത്രം പാണ്ഡ്യ അടിച്ചത് 34 റണ്‍സ്!.

ആദ്യ 62 പന്തുകളില്‍ പാണ്ഡ്യ 66 റണ്‍സടിച്ചപ്പോള്‍, പിന്നീടത്തെ ആറു പന്തുകളില്‍നിന്നാണ് സ്‌കോര്‍ 100 ല്‍ എത്തിയത്. മിഡ് വിക്കറ്റിലേക്കും ലോങ് ഓണിനു മുകളിലൂടെയുമായിരുന്നു സിക്‌സുകളില്‍ ഭൂരിഭാഗവും അതിര്‍ത്തി കടന്നത്. സഹതാരങ്ങള്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു രാജ്‌കോട്ടില്‍ പാണ്ഡ്യയുടെ വണ്‍മാന്‍ ഷോ. 26 റണ്‍സടിച്ച വിഷ്ണു സോളങ്കിയാണ് ബറോഡയുടെ രണ്ടാമത്തെ മികച്ച സ്‌കോറര്‍. മത്സരത്തിന്റെ 46ാം ഓവറില്‍ യാഷ് താക്കൂറിന്റെ പന്തില്‍ അഥര്‍വ ടൈഡെ ക്യാച്ചെടുത്താണ് ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കുന്നത്.