'ആദ്യ ടി20യിൽ ബംഗ്ലാദേശിനെതിരായ ഹാർദിക്കിന്റെ ഇന്നിങ്‌സിനെ അത്ര പുകഴ്‌ത്തേണ്ട കാര്യമില്ല'; തുറന്നുപറഞ്ഞ് ആർപി സിങ്

ബംഗ്ലാദേശിനെപ്പോലെ ദുർബലമായ ഒരു ടീമിനെതിരേ ഈ തരത്തിലുള്ള ഇന്നിങ്‌സ് കളിക്കുന്നതിൽ വലിയ കാര്യമില്ലെന്നാണ് ആർപി സിങ് അഭിപ്രായപ്പെടുന്നത്. 

author-image
Greeshma Rakesh
New Update
hardik pandyas swag return rp singh warns fans not to get too excited

hardik pandyas swag return rp singh warns fans not to get too excited

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. വെറും 16 ബോളിൽ പുറത്താവാതെ അദ്ദേഹം അടിച്ചെടുത്തത് 39 റൺസാണ്.അഞ്ചു ഫോറുകളും രണ്ടു സിക്‌സറുമുൾപ്പെടെയാണിത്.ഇന്ത്യൻ ടീമിന്റെ ടോപ്‌സ്‌കോററും ഹാർദിക് തന്നെയായിരുന്നു. 128 റൺസിന്റെ വിജയലക്ഷ്യം വെറും 11.5 ഓവറിൽ മറികടക്കാൻ ഇന്ത്യയെ സഹായിച്ചത് ഹാർദിക്കിന്റെ കടന്നാക്രമണമായിരുന്നു. 

ഗ്വാളിയോറിൽ ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ വിജയം ആഘോഷിച്ച ആദ്യ മത്സരത്തിൽ ഇടിവെട്ട് ഇന്നിങ്‌സാണ് ഹാർദിക് കാഴ്ചവച്ചത്. എന്നാൽ ഈ മത്സരത്തെ മാത്രം അടിസ്ഥാനമാക്കി പാണ്ഡ്യയുടെ ഫോമിനെ വിലയിരുത്തരുതെന്ന് തുറന്നടിച്ചിരിക്കുകയാണ്  മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആർപി സിങ്.ഒരു കളിക്കാരൻ്റെ ഫോം വിലയിരുത്താൻ ബംഗ്ലാദേശിനെതിരായ പ്രകടനം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ജിയോ സിനിമയുടെ ഷോയിൽ  അദ്ദേഹം പറഞ്ഞു.

കാരണമായി അദ്ദേഹം ചൂണ്ടികാട്ടുന്നത് ഇതാണ്.ബംഗ്ലാദേശിന്റെ നിലവിലെ മോശം ഫോമാണ് ഇതിന് കാരണമായു അദ്ദേഹം ചൂണ്ടിക്കാട്ടി.ബംഗ്ലാദേശിനെപ്പോലെ ദുർബലമായ ഒരു ടീമിനെതിരേ ഈ തരത്തിലുള്ള ഇന്നിങ്‌സ് കളിക്കുന്നതിൽ വലിയ കാര്യമില്ലെന്നാണ് ആർപി സിങ് അഭിപ്രായപ്പെടുന്നത്. 

ബംഗ്ലാദേശിനെതിരേയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു താരത്തിന്റെ ഫോം വിലയിരുത്തുന്നത് ശരിയല്ലെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ അവർ (ബംഗ്ലാദേശ് ടീം) കളിച്ചുകൊണ്ടിരിക്കുന്നത് അത്ര ഉയർന്ന നിലവാരത്തിലൊന്നും അല്ല. ഹാർദിക് നന്നായി കളിച്ചു, ഇതുപോലെയുള്ള ഇന്നിങ്‌സുകൾ കളിക്കാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ട്.

എന്നാൽ ഈ ടീമിനെതിരേയുള്ള പ്രകടനം കളിക്കാരുടെ ഫോം വിലയിരുത്താൻ മാനദണ്ഡമാക്കരുത്. ഈ തരത്തിലുള്ള പ്രകടനങ്ങൾ കൂടുതൽ മെച്ചപ്പെട്ട ടീമുകൾക്കെതിരേ പുറത്തെടുക്കണം, അല്ലെങ്കിൽ വലിയ ടൂർണമെന്റിൽ കാഴ്ചവയ്ക്കണമെന്നും ആർപി സിങ് ആവശ്യപ്പെട്ടു.സമ്മർദ്ദമില്ലാതെ കളിക്കാം

ചില മൽസരങ്ങളിൽ നിങ്ങൾക്കു ജയിക്കുമെന്നു ഉറപ്പായിക്കഴിഞ്ഞാൽ വളരെ ഫ്രീയായി സ്‌കോർ ചെയ്യാൻ സാധിക്കുമെന്നും ബംഗ്ലാദേശിനെതിരേ കണ്ടതും ഇതു തന്നെയാണെന്നും ആർപി സിങ് ചൂണ്ടിക്കാട്ടി. ചില സമയങ്ങളിൽ നിങ്ങൾക്കു കളിക്കളത്തിൽ യാതൊരു സമ്മർദ്ദവുമില്ലാതെ വളരെ ഫ്രീയായി അനുഭവപ്പെടും.

സ്വന്തം ടീം വിജയത്തിനു തൊട്ടരികിലാണെന്നും ജയിക്കാൻ ഇനി അധികം റൺസ് ആവശ്യമില്ലെന്നു മനസ്സിലാവുമ്പോഴാണ് ഇങ്ങനെ തോന്നാറുള്ളത്. സ്വന്തം ടീമിനെ ഹാർദിക് പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാനുള്ള ഒരു സന്ദർഭം സൃഷ്ടിച്ചെടുക്കാൻ ബംഗ്ലാദേശിനു ഈ മൽസരത്തിൽ സാധിച്ചിട്ടില്ലെന്നും ആർപി സിങ് അഭിപ്രായപ്പെട്ടു.

അതേസമയം, ഈ വർഷം ടി20യിൽ ഇന്ത്യക്കു വേണ്ടി ബാറ്റിങിൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ നടത്തിക്കൊണ്ടിരിക്കുന്നത്. 11 മൽസരങ്ങളാണ് അദ്ദേഹം 2024ൽ ഇതിനകം കളിച്ചിട്ടുള്ളത്. ഇവയിൽ നിന്നും 53.50 ശരാശരിയിൽ 164.61 സ്‌ട്രൈക്ക് റേറ്റിലാണ് ഹാർദിക് സ്‌കോർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയെ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്കു വഹിക്കാനും അദ്ദേഹത്തിനായിരുന്നു.ഹാർദിക്കിന്റെ ബൗളിങ്

ഹാർദിക് പാണ്ഡ്യ ബൗളിങിൽ വീണ്ടും നാലോവറുകൾ (ടി20) ബൗൾ ചെയ്യുന്നതു കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നു ആർപി സിങ് വ്യക്തമാക്കി. ബംഗ്ലാദേശുമായുള്ള ആദ്യ ടി20യിൽ ഹാർദിക് പവർപ്ലേയിലും ഡെത്ത് ഓവറുകളിലും പന്തെറിയാനെത്തിയിരുന്നു. നാലോവറിൽ 26 റൺസിനു ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഹാർദിക് പാണ്ഡ്യ നാലോവറുകൾ ബൗൾ ചെയ്യുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. അദ്ദേഹത്തിനു ബൗളിങിൽ ഫുൾ ക്വാട്ട പൂർത്തിയാക്കാൻ സാധിക്കുമോയെന്നു എല്ലായ്‌പ്പോഴും ചോദ്യങ്ങളുയരാറുമുണ്ട്. എന്നാൽ ഇപ്പോൾ ഹാർദിക്കിനു അതു കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് എല്ലായ്‌പ്പോഴും മികച്ചതാണ്.

ഇപ്പോൾ തന്റെ ബൗളിങും ഫിറ്റ്‌നസും ഹാർദിക് ഏറെ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരേയുള്ള ബാറ്റിങ് പ്രകടനത്തിന്റെ പേരിൽ മാത്രം കൂടുതൽ ആവേശം കൊള്ളേണ്ട കാര്യമില്ല. ഒരുപാട് യഥാർഥ വെല്ലുവിളികൾ ഇനി വരാനിരിക്കുകയാണെന്നും ആർപി കൂട്ടിച്ചേർത്തു.

 

Hardik Pandya rp singh Ind Vs Ban 2024