/kalakaumudi/media/media_files/2026/02/07/harshid-2026-02-07-12-40-43.jpg)
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ഇന്ന് ക്രീസിലിറങ്ങാനിരിക്കെ ഡ്രസ്സിങ് റൂമിനെ നിരാശയിലാക്കി പരിക്ക് വാര്‍ത്ത. ഉദ്ഘാടന മത്സരത്തില്‍ ശനിയാഴ്ച ഇന്ത്യ അമേരിക്കക്കെതിരെ കളിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ പേസ് ബൗളര്‍ ഹര്‍ഷിദ് റാണയാണ് ഏറ്റവും ഒടുവില്‍ പരിക്കു പട്ടിയില്‍ ഇടം നേടിയത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ ഹര്‍ഷിദിന് ലോകകപ്പ് ടീമിലെ സ്ഥാനവും നഷ്ടമാവും.
രണ്ടു ദിവസത്തെ കാത്തിരിപ്പിനു ശേഷവും പരിക്കില്‍ നിന്നും മുക്തമാവുന്നില്ലെന്ന സൂചനകള്‍ക്കു പിന്നാലെ താരത്തെ ഒഴിവാക്കി പകരക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ടീം മാനേജ്‌മെന്റ്. ബുധനാഴ്ചത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഫീല്‍ഡിങ്ങിനിടെയാണ് പേസ് ബൗളര്‍ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ഒരു ഓവര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളൂ. 16 റണ്‍സും വിട്ടു നല്‍കി. ബൗള്‍ ചെയ്യാനുള്ള റണ്ണപ്പിനിടെ പലതവണ, മുട്ടിലെ വേദന വില്ലനായി മാറിയിരുന്നു.
ഹര്‍ഷിദിന് പകരം പരിചയ സമ്പന്നനായ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ശനിയാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ആദ്യ മത്സരം കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ടീമിനൊപ്പം ചേരാനായി മുഹമ്മദ് സിറാജ് മുംബൈയിലേക്ക് പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേമസയം, ഹര്‍ഷിദ് റാണയെ ഒഴിവാക്കിയതും, പകരക്കാരന്‍ ആരെന്നും ടീം മാനേജ്‌മെന്റും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സ്ഥിരീകരിച്ചിട്ടില്ല.
ഹര്‍ഷിദിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമായതോടെ, വെള്ളിയാഴ്ച മെഡിക്കല്‍ ടീമിന്റെ പരിശോധനക്ക് വിധേയനായി.
നിലവില്‍ ഹര്‍ഷിദിനെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും, കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ തീരുമാനമെടുക്കുവെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകകപ്പിന് നേരത്തെ തന്നെ ടീം പ്രഖ്യാപിച്ച് ഇന്ത്യ തയ്യാറെടുപ്പ് ആരംഭിച്ചുവെങ്കിലും പരിക്ക് പ്രശ്‌നമായി തുടരുകയാണ്. ലോകകപ്പ് ടീമില്‍ ഇടം നേടിയ വാഷിങ്ടണ്‍ സുന്ദര്‍ പരിക്ക് കാരണം ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പുറത്തായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് ഹര്‍ഷിദിന്റെ വാര്‍ത്തയെത്തുന്നത്. നേരത്തെ പരിക്കേറ്റ തിലക്‌വര്‍മ സന്നാഹ മത്സരത്തില്‍ ടീമില്‍ തിരികെയെത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
