ഹാര്‍ദിക്കിനെയും ക്രുണാലിനെയും സം'പൂജ്യ'രാക്കി ശ്രേയസിന് ഹാട്രിക്

ഹാര്‍ദിക് പാണ്ഡ്യയെയും സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയെയും സം'പൂജ്യ'രായി മടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പുതിയ സൈനിംഗ് ആയ ശ്രേയസ് ടി20യിലെ തന്റെ മൂന്നാം ഹാട്രിക് സ്വന്തമാക്കിയത്.

author-image
Prana
New Update
shreyas gopal

മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരേ കര്‍ണാടക ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലിന് ഹാട്രിക്. ഹാര്‍ദിക് പാണ്ഡ്യയെയും സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയെയും സം'പൂജ്യ'രായി മടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പുതിയ സൈനിംഗ് ആയ ശ്രേയസ് ടി20യിലെ തന്റെ മൂന്നാം ഹാട്രിക് സ്വന്തമാക്കിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ബറോഡ ഇന്നിംഗ്‌സിലെ 11-ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ ശ്രേയസ് ആദ്യ പന്തില്‍ ഉജ്വല ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ഓപ്പണര്‍ ശാശ്വത് റാവത്തിനെ മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ബാറ്റ് ചെയ്യാനെത്തിയത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ മനോജ് ഭണ്ടാകെയ്ക്ക് ക്യാച്ച് സമ്മാനിച്ച് ഗോള്‍ഡന്‍ ഡക്കായി ഹാര്‍ദിക്കും മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയും ശ്രേയസ് വിക്കറ്റ് സമ്മാനിച്ചതോടെ ശ്രേയസ് ഗോപാല്‍ ഹാട്രിക് പൂര്‍ത്തിയാക്കി.
ഹാട്രിക് ഉള്‍പ്പെടെ നാലു വിക്കറ്റുമായി ശ്രേയസ് തിളങ്ങിയെങ്കിലും ബറോഡയുടെ കുതിപ്പിന് തടയിടാന്‍ അതു പര്യാപ്തമായിരുന്നില്ല. മത്സരത്തില്‍ ഏഴു പന്തു ബാക്കിനില്‍ക്കെ കര്‍ണാടകയെ നാലു വിക്കറ്റിന് കീഴടക്കി ബറോഡ അഞ്ചാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എടുത്തപ്പോള്‍ 18.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ബറോഡ് ലക്ഷ്യം കണ്ടു. 

Syed Mushtaq Ali Trophy T20 tournament karnataka hat-trick