ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായി രണ്ടു സെഞ്ചുറികള്‍ കുറിച്ച് മാന്‍ ഓഫ് ദ സീരീസ് ആയ തിലക് വര്‍മ അവിടം കൊണ്ട് നിര്‍ത്തിയില്ല. മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ചുറിയടിച്ച് തിലക് വര്‍മ ഹാട്രിക് സെഞ്ചുറിക്ക് ഉടമയായി. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് സെഞ്ച്വറി. 67 പന്തില്‍ 10 സിക്‌സും 14 ഫോറും ഉള്‍പ്പെടെ 151 റണ്‍സാണ് തിലക് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത തിലക് നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.
ഇതോടെ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡിനും തിലക് ഉടമയായി. മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലക് സ്വന്തം പേരിലാക്കി. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് 151 റണ്‍സെടുത്ത് മറികടന്നത്.
ക്യാപ്റ്റന്‍ കൂടിയായ തിലകിന്റെ സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ മേഘാലയ 69 റണ്‍സിന് ഓള്‍ഔട്ടായതോടെ ഹൈദരാബാദ് 179 റണ്‍സിന്റെ കൂറ്റന്‍ ജയവും സ്വന്തമാക്കി.
ഗോവയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തകര്‍പ്പന്‍ സെഞ്ചുറി നേടി. 10 സിക്‌സിന്റെയും 11 ഫോറിന്റെയും അകമ്പടിയില്‍ 57 പന്തില്‍ നിന്ന് ശ്രേയസ് 130 റണ്‍സടിച്ച മത്സരത്തില്‍ മുംബൈ 26 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലിന് 250 റണ്‍സ് എടുത്തപ്പോള്‍ ഗോവയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.