ഹേസല്‍വുഡും മക്‌സ്വീനിയും പുറത്ത്; സാം കോണ്‍സ്റ്റാസ് ടീമില്‍

മെല്‍ബണിലും സിഡ്‌നിയിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി പേസര്‍ ജേ റിച്ചാര്‍ഡ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ബ്യൂ വെബ്സ്റ്ററെയും ഷോണ്‍ ആബട്ടിനെയും ടീമില്‍ നിലനിര്‍ത്തി

author-image
Prana
New Update
sam konstas

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ഓപ്പണര്‍ നഥാന്‍ മക്‌സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലില്ല.
ഇന്ത്യക്കെതിരായി ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവനുവേണ്ടി സെഞ്ചുറിയുമായി തിളങ്ങിയ 19കാരന്‍ സാം കോണ്‍സ്റ്റാസ് ആണ് മക്‌സ്വീനിക്ക് പകരം ഓപ്പണറായി ടീമിലെത്തിയത്. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച മക്‌സ്വീനിക്ക് 72 റണ്‍സ് മാത്രമാണ് നേടാനായത്. ബ്രിസ്‌ബേന്‍ ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡ് അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലില്ല. പകരം മെല്‍ബണിലും സിഡ്‌നിയിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി പേസര്‍ ജേ റിച്ചാര്‍ഡ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ബ്യൂ വെബ്സ്റ്ററെയും ഷോണ്‍ ആബട്ടിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ഹേസല്‍വുഡിന്റെ അഭാവത്തില്‍ അവസാന രണ്ട് ടെസ്റ്റിലും പേസര്‍ സ്‌കോട് ബോളണ്ട് ഓസീസ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ബോളണ്ട് അഞ്ച് വിക്കറ്റുമായി തിളങ്ങിയിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതിരുന്ന ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.26ന് മെല്‍ബണിലാണ് ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി അഞ്ച് മുതല്‍ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.
ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്‌കോട് ബോളാണ്ട്, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജേ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

india vs australia border gavaskar trophy Josh Hazlewood