/kalakaumudi/media/media_files/2024/12/13/HxqV9fytx4yptHVbcLjY.jpg)
ഇന്ത്യക്കെതിരായ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ആസ്‌ട്രേലിയ. അഡലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ഓസീസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അഡലെയ്ഡില്‍ കളിച്ച പേസര്‍ സ്‌കോട് ബോളണ്ട് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ഇതോടെ ആസ്‌ട്രേലിയയുടെ നിലവിലെ ഏറ്റവും മികച്ച പേസ് ത്രയം- പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് -ഗാബയില്‍ ഇന്ത്യക്കെതിരേ അണിനിരക്കും.
ഹേസല്‍വുഡ് പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുവെന്നും നെറ്റ്‌സില്‍ മികച്ച രീതിയില്‍ പന്തെറിയാനാവുന്നുണ്ടെന്നും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. അഡലെയ്ഡില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ബോളണ്ടിനെ ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നെങ്കിലും പരമ്പരയിലെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ബോളണ്ടിന് അവസരം ലഭിക്കുമെന്നും കമിന്‍സ് വ്യക്തമാക്കി. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ബോളണ്ട് രണ്ട് ഇന്നിംഗ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
1988 മുതല്‍ ഗാബയില്‍ തോല്‍വി അറിയാതിരുന്ന ഓസീസിനെ ആദ്യമായി വീഴ്ത്തിയത് 2021ല്‍ ഇന്ത്യയായിരുന്നു. റിഷഭ് പന്തിന്റെ ബാറ്റിംഗ് മികവിലാണ് അന്ന് ഇന്ത്യ അവിസ്മരണീയ വിജയവും പരമ്പരയും സ്വന്തമാക്കിയത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസും ഗാബയില്‍ ഓസീസിനെ വീഴ്ത്തിയിരുന്നു.
ബ്രിസ്‌ബേന്‍ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവന്‍: നഥാന്‍ മക്‌സ്വീനി, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.