തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിക്കറ്റ് താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കുമായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. കളിക്കാര്‍, ജില്ലാസംസ്ഥാന പാനല്‍ അംപയര്‍മാര്‍, സ്‌കോറര്‍മാര്‍, ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 17000 പേരെ ഉള്‍പ്പെടുത്തിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ കളിക്കിടെയുണ്ടാകുന്ന പരിക്കുകള്‍ക്കുള്ള ചികിത്സയും ആശുപത്രിവാസവുമാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) തുടരുന്നതിനൊപ്പം വനിത ക്രിക്കറ്റ് ലീഗും സംഘടിപ്പിക്കും. സ്‌കൂള്‍ കുട്ടികളിലെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തിയെടുക്കാന്‍ അടുത്ത അധ്യയന വര്‍ഷം പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ക്രിക്കറ്റ് @ സ്‌കൂള്‍ പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു. തൊടുപുഴയിലെ തേക്കുംഭാഗം, തിരുവനന്തപുരം മംഗലപുരം എന്നിവിടങ്ങളില്‍ പുതിയ അക്കാദമി, കൃഷ്ണഗിരിയിലെ വനിതാ അക്കാദമിക്കായി പുതിയ കെട്ടിടസമുച്ചയം, കൊല്ലം എഴുകോണില്‍ പുതിയ ക്രിക്കറ്റ് ഗ്രൗണ്ട്, 3 ജില്ലകളില്‍ കൂടി ഗ്രൗണ്ടിനായി സ്ഥലം വാങ്ങല്‍, പാലക്കാട് സ്‌പോര്‍ട്‌സ് ഹബ് നിര്‍മാണം എന്നിവയാണ് വാര്‍ഷിക ബജറ്റിലെ പ്രധാന പദ്ധതി പ്രഖ്യാപനങ്ങള്‍.