Bhaker, India's first to win two Olympic medals in a single edition, arrived Delhi after a successful campaign at the Paris Games 2024
ഡൽഹി: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗിൽ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ ഇന്ത്യയിൽ തിരിച്ചെത്തി.ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ താരത്തിന് വൻസ്വീകരണമാണ് ഒരുക്കിയത്.ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്നാണ് മനുവിന്റെ പ്രതികരണം.ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകൾ നേടാനുള്ള ശ്രമം തുടരുമെന്നും മനു ഭാക്കർ പറഞ്ഞു.
ഒളിംപിക്സ് ഷൂട്ടിംഗിൽ 12 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്. ഇത്തവണ ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിംഗിലാണ് ലഭിച്ചിരിക്കുന്നത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗ്-മനു ഭാക്കർ സഖ്യവും വെങ്കല മെഡൽ സ്വന്തമാക്കി.
സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി മൂന്നാം മെഡൽ നേടിയത്. ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് താരത്തിന്റെ വെങ്കല നേട്ടം. പാരിസിൽ ഇതുവരെ മൂന്ന് വെങ്കല മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ ഇപ്പോൾ മെഡൽ പട്ടികയിൽ 63-ാം സ്ഥാനത്താണ്. അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും തുടരുന്നു.