അടിക്ക് തിരിച്ചടി; ഇഞ്ചോടിഞ്ച് പൊരുതി ഇന്ത്യയും ഓസീസും

ആദ്യ ഇന്നിംഗ്‌സില്‍ വെറും നാലു റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നാലു വിക്കറ്റ് ബാക്കിയിരിക്കെ ആകെ 145 റണ്‍സിന്റെ ലീഡ്.

author-image
Prana
New Update
rishabh pant

ആസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിജയത്തിനായി ഇരു ടീമുകളും പല്ലും നഖവും ഉപയോഗിച്ച് പൊരുതുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ വെറും നാലു റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നാലു വിക്കറ്റ് ബാക്കിയിരിക്കെ ആകെ 145 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ 32 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോപ് ഓര്‍ഡര്‍ വിക്കറ്റുകള്‍ വീണ് പരുങ്ങലിലായ ഇന്ത്യയെ റിഷഭ് പന്തിന്റെ വെടിക്കെട്ട് ഫിഫ്റ്റിയാണ് അല്‍പമെങ്കിലും ആശ്വാസമേകിയത്. ക്രീസിലുള്ള ഓള്‍റൗണ്ടര്‍മാരായ ജഡേജയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ലീഡ് 200 കടത്തിയാല്‍ സിഡ്‌നിയില്‍ ജയിക്കാമെന്ന വിശാസത്തിലാണ് ഇന്ത്യ. ഇവിടെ ജയിച്ചാല്‍ പരമ്പരയില്‍ 2-2ന് ഒപ്പമെത്താനും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യക്കാകും. 
നാലു വിക്കറ്റ് എളുപ്പത്തില്‍ നഷ്ടപ്പെടുത്തിയ ഇന്ത്യയെ പന്തിന്റെ പ്രത്യാക്രമണമാണ് കരകയറ്റിയത്. അഞ്ചു ഓവറിനിടെ മൂന്നു വിക്കറ്റ് വീഴ്ത്തി ഉജ്വല ഫോമിലായിരുന്ന സ്‌കോട്ട് ബോളണ്ടിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി തുടങ്ങിയ റിഷഭ് 33 പന്തില്‍ 61 റണ്‍സാണ് നേടിയത്. 28 പന്തില്‍ ഫിഫ്റ്റി തികച്ച താരം നാല് സിക്‌സറുകളും ആറ് ഫോറുകളും നേടി. 184 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്. ആദ്യ വേഗതയേറിയ ഫിഫ്റ്റിയും പന്തിന്റെ പേരിലാണ്. 28 പന്തില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു പന്ത് ആ ഫിഫ്റ്റി നേടിയിരുന്നത്.
പന്ത് കഴിഞ്ഞാല്‍ ജയ്‌സ്വാളാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ തന്നെ നാല് ഫോറുകള്‍ അടിച്ച താരം 22 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോഹ്‌ലി ആറ് റണ്‍സിനും ഔട്ടായി. ഗില്ലും 13 റണ്‍സിന് ഔട്ടായി. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച നിതീഷ് കുമാര്‍ പക്ഷെ ഈ മത്സരത്തിലും ഫോം ഔട്ടായി. നാല് റണ്‍സാണ് നിതീഷ് കുമാര്‍ നേടിയത്. നിലവില്‍ ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്. സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ കമ്മിന്‍സും വെബ്സ്റ്ററും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 185 പിന്തുടര്‍ന്ന ഓസീസിനെ ഇന്ത്യയുടെ പേസ് നിരയാണ് തകര്‍ത്തത്. 181 റണ്‍സില്‍ ഓസീസ് ഓള്‍ ഔട്ടായി. ബുംമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രസിദ് കൃഷ്ണയും സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുമായി തിളങ്ങി. 57 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസ് നിരയില്‍ ടോപ് സ്‌കോറര്‍. 37 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും ഭേദപ്പെട്ട പ്രകടനം നടത്തി. 

 

 

 

 

Rishabh Pant border gavaskar trophy india vs australia