അടിച്ചു മോനെ അടിച്ചു... അഭിഷേക് 55 ബോളിൽ 141 റൺസ് എതിരാളികൾ വന്ന വഴി തിരികെ ഓടി

ഐതിഹാസിക സെഞ്ചറിയുമായി ഓപ്പണർ അഭിഷേക് ശർമയാണ് സൺറൈസേഴ്സിന്റെ റൺചേസിന് അടിത്തറയിട്ടത്. താരം 55 പന്തിൽ 141 റൺസെടുത്ത് വിജയത്തിനരികെ പുറത്തായി. 14 ഫോറും 10 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നതാണ് അഭിഷേക് ശർമയുടെ ഇന്നിങ്സ്.

author-image
Anitha
New Update
hwdeuwie

ഹൈദരാബാദ് : ഐപിഎൽ ടീമുകൾ ഒരുപോലെ ഭയപ്പെടുന്ന ആ യഥാർഥ സൺറൈസേഴ്സ്, ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ സട കുടഞ്ഞെഴുന്നേറ്റു. അതിന്റെ ആദ്യ ദുരന്തഫലം പഞ്ചാബ് കിങ്സിനു തന്നെ സമ്മാനിച്ച്, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്വല വിജയം. പഞ്ചാബ് കിങ്സ് ഉയർത്തിയ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം, ഒൻപതു പന്ത് ബാക്കിനിർത്തി രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സ് മറികടന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺചേസാണിത്.

ഐതിഹാസിക സെഞ്ചറിയുമായി ഓപ്പണർ അഭിഷേക് ശർമയാണ് സൺറൈസേഴ്സിന്റെ റൺചേസിന് അടിത്തറയിട്ടത്. താരം 55 പന്തിൽ 141 റൺസെടുത്ത് വിജയത്തിനരികെ പുറത്തായി. 14 ഫോറും 10 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നതാണ് അഭിഷേക് ശർമയുടെ ഇന്നിങ്സ്. 40 പന്തിൽ 11 ഫോറും 6 സിക്സും സഹിതമാണ് അഭിഷേക് സെഞ്ചറി കടന്നത്. അഭിഷേകിന്റെ ഓപ്പണിങ് പങ്കാളി ട്രാവിസ് ഹെഡ് 37 പന്തിൽ ഒ‍ൻപതു ഫോറും മൂന്നു സിക്സും സഹിതം 66 റൺസെടുത്ത് പുറത്തായി.

246 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സൺറൈസേഴ്സിന്, ഓപ്പണിങ് വിക്കറ്റിൽ ട്രാവിസ് ഹെഡ് – അഭിഷേക് ശർമ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 74 പന്തിൽ അടിച്ചുകൂട്ടിയത് 171 റൺസാണ്. ഹെഡിനെ യുസ്‌വേന്ദ്ര ചെഹൽ പുറത്താക്കിയ ശേഷം ഹെൻറിച് ക്ലാസനെ കൂട്ടുപിടിച്ച് അഭിഷേക് രണ്ടാം വിക്കറ്റിൽ 24 പന്തിൽ അടിച്ചുകൂട്ടിയത് 51 റൺസ്!

വിജയത്തിന്റെ അരികെ 55 പന്തിൽ 141 റൺസുമായി അഭിഷേകിനെ അർഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും, ഹെൻറിച് ക്ലാസൻ (14 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 21), ഇഷാൻ കിഷൻ (ആറു പന്തിൽ ഒരു ഫോർ സഹിതം 9) എന്നിവർ ചേർന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിനായി യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 56 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 37 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി.‌

നേരത്തെ, തകർത്തടിച്ച് 24 പന്തിൽനിന്ന് 66 റൺസെടുത്ത പ്രിയാംശ് ആര്യ – പ്രഭ്സിമ്രാൻ സിങ് കൂട്ടുകെട്ട് സമ്മാനിച്ച സ്ഫോടനാത്മക തുടക്കത്തിന്റെ കരുത്തിലാണ് പഞ്ചാബ് കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദിനു മുന്നിൽ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 245 റൺസെടുത്തത്. പഞ്ചാബ് നിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 82 റൺസുമായി ടോപ് സ്കോററായി. ഐപിഎലിൽ തന്റെ വേഗമേറിയ അർധസെഞ്ചറിയുടെ റെക്കോർഡ് തിരുത്തിയ അയ്യർ, 36 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതം 82 റൺസെടുത്തു.

22 പന്തിൽ അർധസെഞ്ചറി കടന്ന അയ്യർ, കഴിഞ്ഞ സീസണിൽ ഇതേ എതിരാളികൾക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഒന്നാം ക്വാളിഫയറിൽ 23 പന്തിൽ നേടിയ അർധസെഞ്ചറിയുടെ റെക്കോർഡാണ് മറികടന്നത്. അവസാന ഓവറിൽ തകർത്തടിച്ച് വെറും 11 പന്തിൽ പുറത്താകാതെ 34 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസാണ് പഞ്ചാബിനെ 245ൽ എത്തിച്ചത്. ഒരു ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് സ്റ്റോയ്നിസിന്റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ഓപ്പണർ പ്രിയാംശ് ആര്യ 13 പന്തിൽനിന്ന് രണ്ടു ഫോറും നാലു സിക്സും സഹിതം 36 റൺസെടുത്തു. പ്രഭ്സിമ്രാൻ സിങ് 23 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 24 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയ 66 റൺസാണ് പഞ്ചാബ് ഇന്നിങ്സിന് അടിത്തറയായത്.

മൂന്നാം  വിക്കറ്റിൽ ശ്രേയസ് അയ്യർ – നേഹൽ വധേര സഖ്യം 40 പന്തിൽനിന്ന് 73 റൺസ് അടിച്ചുകൂട്ടി സ്കോറിങ് നിരക്ക് താഴാതെ കാത്തു. വധേര 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും  സഹിതം 27 റൺസെടുത്ത് പുറത്തായി. ശശാങ്ക് സിങ് (മൂന്നു പന്തിൽ രണ്ട്), ഗ്ലെൻ മാക്സ്‌വെൽ (ഏഴു പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും, അവസാന ഓവറുകളിൽ കത്തിക്കയറിയ സ്റ്റോയ്നിസ് പഞ്ചാബിന് മികച്ച സ്കോർ ഉറപ്പാക്കി. അവസാന ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ തുടർച്ചയായി നാലു സിക്സറുകൾ പായിച്ചാണ് സ്റ്റോയ്നിസ് സ്കോർ 245ൽ എത്തിച്ചത്. മാർക്കോ യാൻസൻ അഞ്ച് പന്തിൽ അഞ്ച് റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റിൽ വെറും 15 പന്തിൽനിന്ന് സ്റ്റോയ്നിസ് – യാൻസൻ സഖ്യം അടിച്ചുകൂട്ടിയത് 39 റൺസാണ്.

സൺറൈസേഴ്സിനായി ഹർഷൽ പട്ടേൽ നാല് ഓവറിൽ 42 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇഷാൻ മലിംഗ നാല് ഓവറിൽ 45 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമി നാല് ഓവറിൽ 75 റൺസ് വഴങ്ങിയെന്നു മാത്രമല്ല, വിക്കറ്റൊന്നും ലഭിച്ചുമില്ല. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബോളർ എന്ന ജോഫ്ര ആർച്ചറിന്റെ റെക്കോർഡിൽനിന്ന്, ഒറ്റ റൺസിനാണ് ഷമി രക്ഷപ്പെട്ടത്. സൺറൈസേഴ്സിനെതിരായ ഈ സീസണിൽ രജാസ്ഥാൻ റോയൽസിനായി ആർച്ചർ നാല് ഓവറിൽ വഴങ്ങിയത് 76 റൺസാണ്.

cricket ipl