മോംഗ് കോക്: ഹോംഗ് കോംഗ് ഇന്റര്‍നാഷണല്‍ സിക്‌സസില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം തോല്‍വി. ബൗള്‍ കാറ്റഗറിയില്‍ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 44 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ന് മാത്രം ഇന്ത്യ തോല്‍ക്കുന്ന മൂന്നാമത്തെ മത്സരമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ആറ് ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറപടി ബാറ്റിംഗില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാനാണ് സാധിച്ചത്.
ന്യൂസിലന്‍ഡിനെതിരെ ശ്രീവത്സവ് ഗോസ്വാമി (42), ഭരത് ചിപ്ലി (30) എന്നിവര്‍ തിളങ്ങിയെങ്കിലും ജയിക്കാന്‍ സാധിച്ചില്ല. റോബിന്‍ ഉത്തപ്പയാണ് (19) പുറത്തായ മറ്റൊരു താരം. കേദാര്‍ ജാദവ് (11) ഉത്തപ്പയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. നേരത്തെ സിദ്ധാര്‍ത്ഥ് ദീക്ഷിത് (55), റോണക് കപൂര്‍ (33) എന്നിവരുടെ ഇന്നിംഗ്‌സാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. യുഎഇക്കെതിരെ ഒരു റണ്ണിനായിരുന്നു തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎഇ നിശ്ചിത ആറ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന ഓവറില്‍ 27 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി 24 റണ്‍സ് നേടി. എന്നാല്‍ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ സാധിച്ചില്ല. രണ്ടാം റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്താവുകയും ചെയ്തു. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (43) മികച്ച പ്രകടനം പുറത്തെടുത്തു. ഭരത് ചിപ്ലി (20), മനോജ് തിവാരി (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കേദാര്‍ ജാദവ് (9) പുറത്താവാതെ നിന്നു.
ഇന്ന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് സിയില്‍ യുഎഇയോട് ഇന്ത്യ ഒരു റണ്ണിന് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ പാകിസ്ഥാനോടും യുഎഇയോടും പരാജയപ്പെട്ടതോടെ ഇന്ത്യ മൂന്നാം സ്ഥാനത്താവുകയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. പിന്നീട് ബൗള്‍ കാറ്റഗറിയിലെ രണ്ട് മത്സരവും തോറ്റു. ആദ്യ തോല്‍വി ഇംഗ്ലണ്ടിനോടായിരുന്നു. നാല് ഗ്രൂപ്പിലേയും അവസാന സ്ഥാനക്കാരിലെ രണ്ട് ടീമുകള്‍ക്കെതിരെ മാത്രം കളിക്കുന്ന കാറ്റഗറിയാണിത്.