/kalakaumudi/media/media_files/2025/01/15/3u3m2QkjFTMgXAmKyPUl.jpg)
അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പടുകൂറ്റന്‍ ജയം. 304 റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ കീഴടക്കിയത്. സ്‌കോര്‍: ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചിന് 435. അയര്‍ലന്‍ഡ് 31.4 ഓവറില്‍ 131ന് ഓള്‍ഔട്ട്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിനായി സാറാ ഫോര്‍ബ്‌സ് മാത്രമാണ് പ്രതിരോധം തീര്‍ത്തത്. 44 പന്തുകള്‍ നേരിട്ട സാറാ 41 റണ്‍സെടുത്തു. ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ് 36 റണ്‍സും നേടി. ലോറ ഡെലാനി പത്ത് റണ്‍സും ലിയ പോള്‍ 15 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും തനുജ കന്‍വാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും കന്നി സെഞ്ചുറി നേടിയ ഓപ്പണര്‍ പ്രതിക റാവലുമാണ് വന്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. 129 പന്തില്‍ 20 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 154 റണ്‍സെടുത്ത പ്രതികയാണ് ടോപ് സ്‌കോറര്‍.
അതേസമയം, 80 പന്തില്‍ 12 ബൗണ്ടറികളും ഏഴു പടുകൂറ്റന്‍ സിക്‌സറുമുള്‍പ്പെടെ 135 റണ്‍സെടുത്ത സ്മൃതി മന്ഥാന ഒരുപിടി നേട്ടങ്ങളും സ്വന്തം പേരിലാക്കി. പത്താം സെഞ്ചുറിയുമായി വനിതാ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
126 മത്സരങ്ങളില്‍ 10 സെഞ്ചുറികള്‍ നേടിയ ഇംഗ്ലണ്ടിന്റെ ബ്യൂമോണ്ടിനൊപ്പാണ് താരം. 103 മത്സരങ്ങളില്‍ 15 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസീസ് താരം മെഗ് ലാന്നിംഗാണ് ഒന്നാമത്. 168 മത്സരങ്ങളില്‍ 13 സെഞ്ചുറിയുമായി ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്‌സ് ആണ് രണ്ടാമത്.
70 പന്തിലാണ് സ്മൃതി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്മൃതി സ്വന്തം പേരിലാക്കി. 87 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്.
രാജ്‌കോട്ടില്‍ പ്രതികയ്‌ക്കൊപ്പം ഒന്നാംവിക്കറ്റില്‍ 233 റണ്‍സാണ് സ്മൃതി കൂട്ടിച്ചേര്‍ത്തത്. 27ാം ഓവറിലാണ് ഈ കൂട്ടുകെട്ട് അവസാനിക്കുന്നത്. പിന്നാലെ ക്രീസിലെത്തിയ റിച്ച ഘോഷ് സ്‌കോറിംഗ് വേഗം താഴാതെ കാത്തു. 42 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെ 59 റണ്‍സാണ് താരം അടിച്ചെടുത്തത്.
തേജല്‍ ഹസബ്‌നിസ് (28), ഹര്‍ലീന്‍ ഡിയോള്‍ (15) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ജെമീമ റോഡ്രിഗസ് (നാല്), ദീപ്തി ശര്‍മ (11) എന്നിവര്‍ പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിനു വേണ്ടി ഒര്‍ല പ്രെന്‍ഡര്‍ഗസ്റ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ലീന്‍ കെല്ലി, ഫ്രേയ സാര്‍ജന്റ്, ജോര്‍ജിന ഡെംപ്‌സി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി.