അസാമാന്യ പ്രതിഭ.. ഇന്ത്യ സഞ്ജുവിനെ തഴയുന്നത് അത്ഭുതപ്പെടുത്തുന്നു;വീണ്ടും ചർച്ചയായി വോണിന്റെ വാക്കുകൾ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച് മികവ് തെളിയിച്ചാണ് സഞ്ജു ഇന്ത്യൻ ടീമിലേക്കെത്തുന്നത്. എന്നാൽ ഇന്ത്യൻ ടീമിനൊപ്പം സ്ഥിരമായൊരു സീറ്റ് നേടാൻ സഞ്ജുവിന് സാധിക്കാതെ പോകുകയാണ്.

author-image
Greeshma Rakesh
New Update
i am surprised sanju samson is not representing india in all formats  says spin legend shane warne

shane warne with sanju samson

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: എല്ലാ കാലത്തും താരസമ്പന്നമായ ടീമുകളിൽ ഒന്നാണ് ഇന്ത്യ.ഐപിഎല്ലിന്റെ വരവിന് ശേഷമാണ് ഇന്ത്യൻ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയത്.എന്നാൽ ഇപ്പോഴും അസാമാന്യ പ്രതിഭകളായിട്ടും  വേണ്ടത്ര അവസരം ലഭിക്കാത്ത പല താരങ്ങളുമുണ്ട്.സ്ഥിരതയോടെ കളിക്കാനാവാത്ത പക്ഷം ഇന്ത്യൻ ടീമിൽ തുടരുക പ്രയാസമാണെന്ന് പറയാം. അതുകൊണ്ടുതന്നെ പല സൂപ്പർ താരങ്ങൾക്കും ഇന്ത്യൻ ടീമിനൊപ്പം പ്രതീക്ഷിച്ച കരിയർ നേടിയെടുക്കാൻ സാധിക്കാറില്ല.

ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന താരങ്ങളിലൊരാളാണ് മലയാളിയായ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച് മികവ് തെളിയിച്ചാണ് സഞ്ജു ഇന്ത്യൻ ടീമിലേക്കെത്തുന്നത്. എന്നാൽ ഇന്ത്യൻ ടീമിനൊപ്പം സ്ഥിരമായൊരു സീറ്റ് നേടാൻ സഞ്ജുവിന് സാധിക്കാതെ പോകുകയാണ്. ഇന്ത്യൻ ടീമിലെ ഗസ്റ്റ് റോളാണ് സഞ്ജുവിനുള്ളത്. ഏകദിനത്തിലും ടി20യിലും കസറുമ്പോഴും സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടി പലപ്പോഴും അർഹിച്ച അവസരങ്ങൾ പോലും നിഷേധിക്കപ്പെടുന്നു.

സഞ്ജുവിന്റെ പ്രതിഭയെ അടുത്തറിയുന്ന പലരും ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം കുറയുന്നതിനെതിരേ ചോദ്യമുയർത്തിയിട്ടുണ്ട്. ഇത്തരത്തിലൊരാളാണ് മുൻ ഓസീസ് സ്പിന്നറും രാജസ്ഥാൻ റോയൽസ് നായകനുമായിരുന്ന ഷെയ്ൻ വോൺ. ഇതിനോടകം ലോകത്തോട് വിടപറഞ്ഞ ഷെയ്ൻ വോൺ ഒരിക്കൽ സഞ്ജുവിനെതിരായ അവഗണനയെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും സഞ്ജു കളിക്കാത്തത് കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നാണ് വോൺ അന്ന് പ്രതികരിച്ചത്.

'എന്തൊരു അസാമാന്യ പ്രതിഭയാണ് സഞ്ജു സാംസൺ. കരിയറിൽ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും അസാമാന്യനായ താരങ്ങളിലൊരാളാണ് സഞ്ജു. ഇക്കാര്യം നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും സഞ്ജുവിന് കളിക്കാൻ അവസരം ലഭിക്കാത്തത് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്' എന്നാണ് വോൺ ഒരിക്കൽ പറഞ്ഞത്. രാജസ്ഥാൻ റോയൽസിലൂടെ വളർന്ന് ഇന്ന് രാജസ്ഥാന്റെ നായകസ്ഥാനത്തേക്കെത്താൻ സഞ്ജുവിനായി.

രാജസ്ഥാനെ ഫൈനൽ കളിപ്പിക്കാനും സഞ്ജുവിന് സാധിച്ചു. ഇന്ത്യൻ ടീമിലേക്ക് 2015ൽ എത്തിയ സഞ്ജു ഒമ്പത് വർഷം പിന്നിടുമ്പോൾ കളിച്ചത് വെറും 46 മത്സരങ്ങൾ മാത്രം. ഏകദിനത്തിൽ 16 മത്സരവും ടി20യിൽ 30 മത്സരങ്ങളുമാണ് സഞ്ജുവിന് ഇതുവരെ കളിക്കാൻ സാധിച്ചത്. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ പറയുമ്പോഴും തുടർ അവസരങ്ങൾ സഞ്ജുവിന് ലഭിച്ചിരുന്നില്ലെന്ന വസ്തുത തള്ളിക്കളയാനാവില്ല. ഐപിഎല്ലിൽ മൂന്ന് തവണ സെഞ്ച്വറി നേടാൻ സഞ്ജുവിനായിട്ടുണ്ട്.

എന്നാൽ അന്താരാഷ്ട്ര ടി20യിൽ 19.3 ശരാശരിയിൽ 444 റൺസാണ് സഞ്ജുവിന് ആകെ നേടാനായത്. ഇതിൽ രണ്ട് അർധ സെഞ്ച്വറിയും ഉൾപ്പെടും. തുടർ അവസരങ്ങൾ ലഭിക്കാത്തത് മികച്ച പ്രകടനത്തിലേക്കുയരാൻ സഞ്ജുവിന് തടസമായിട്ടുണ്ടെന്ന് പറയാം. എന്നാൽ ഏകദിനത്തിലെ സഞ്ജുവിന്റെ കണക്കുകൾ മികച്ചതാണ്. 56.57 ശരാശരിയിൽ 510 റൺസ് അദ്ദേഹം നേടി. ഇതിൽ ദക്ഷിണാഫ്രിക്കയിൽ നേടിയ ഏകദിന സെഞ്ച്വറിയും ഉൾപ്പെടും.

എന്നാൽ സഞ്ജുവിന് ഇന്ത്യയുടെ ഏകദിന ടീമിൽ ഇടം ലഭിക്കുന്നില്ല. ടി20യെക്കാൾ സഞ്ജു അവസരം അർഹിക്കുന്നത് ഏകദിനത്തിലാണ്. എന്നിട്ടും തഴയപ്പെടുന്നു. ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയിൽ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കായിരുന്നു. ഏകദിന പരമ്പരയിൽ സഞ്ജുവിനെ കളിപ്പിച്ചുമില്ല. ചാമ്പ്യൻസ് ട്രോഫി വരാനിരിക്കെ സഞ്ജുവിന് ടീമിൽ ഇടം ലഭിക്കാനുള്ള സാധ്യതയും വളരെ വിരളമാണ്. പുതിയ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീർ സഞ്ജുവിന്റെ മികവിനെ അംഗീകരിക്കുന്നയാളാണ്.

എന്നിട്ടും ഏകദിനത്തിൽ സഞ്ജുവിന് അവസരം നിഷേധിച്ചു. ടെസ്റ്റിൽ സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മോശമല്ലാത്ത കണക്ക് സഞ്ജുവിനുണ്ട്. രഞ്ജി ട്രോഫിയിൽ കേരളത്തെ നയിച്ചിട്ടുമുണ്ട്. എന്നിട്ടും സഞ്ജുവിന് അർഹിച്ച പരിഗണന ലഭിക്കുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീം വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് സഞ്ജുവെന്ന് നിസംശയം പറയാം.

 

Indian Cricket Team shane warne Sanju Samson