/kalakaumudi/media/media_files/2025/08/20/kolhi-2025-08-20-22-11-23.jpg)
മുംബൈ: ഏകദിന ബാറ്റര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി 'ഞെട്ടിച്ച' ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ, ഒരാഴ്ചയ്ക്കിപ്പുറം പുതുക്കിയ റാങ്കിങ്ങില്‍ 'കാണാനില്ല'! അന്ന് നാലാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോലിയും പുതുക്കിയ പട്ടികയില്‍നിന്ന് പുറത്തായി.
ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തിലുണ്ടായിരുന്ന രണ്ടു ബാറ്റര്‍മാര്‍ ഒരുമിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പട്ടികയില്‍നിന്ന് പുറത്തായത് ക്രിക്കറ്റ് വൃത്തങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ഏകദിനത്തില്‍ സജീവമായി തുടരുന്ന ഇരുവരും റാങ്കിങ്ങില്‍നിന്ന് ഇത്ര പെട്ടെന്ന് അപ്രത്യക്ഷരായത് സമ്പൂര്‍ണ വിരമിക്കലിന്റെ സൂചനയാണെന്നും അഭ്യൂഹം പരന്നു.
പുതുക്കിയ റാങ്കിങ് പ്രകാരം ഇന്ത്യന്‍ താരം ശുഭ്മന്‍ ഗില്ലാണ് ഒന്നാം സ്ഥാനത്തുള്ളത്. 784 റേറ്റിങ് പോയിന്റുമായാണ് ഗില്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്. കഴിഞ്ഞയാഴ്ച രോഹിത്തിനും പിന്നില്‍ മൂന്നാമതായിരുന്ന പാക്കിസ്ഥാന്‍ താരം ബാബര്‍ അസം, രോഹിത്തിന്റെ അസാന്നിധ്യത്തില്‍ പുതിയ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുണ്ട്. ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചല്‍, ശ്രീലങ്കന്‍ താരം ചരിത് അസലങ്ക, അയര്‍ലന്‍ഡ് താരം ഹെന്റി ടെക്ടര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍.
ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് പുതുക്കിയ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. റാങ്കിലായിരുന്ന ശ്രേയസ്, രോഹിത്തും കോലിയും പുറത്തായതോടെയാണ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേസമയം, കോലിയും രോഹിത്തും റാങ്കിങ്ങില്‍നിന്ന് പുറത്തായതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പ്രസ്തുത ഫോര്‍മാറ്റില്‍നിന്നോ രാജ്യാന്തര ക്രിക്കറ്റില്‍നിന്നോ വിരമിച്ചവരെയും ദീര്‍ഘനാളായി കളത്തിലില്ലാത്തവരെയുമാണ് പൊതുവെ റാങ്കിങ്ങില്‍നിന്ന് ഒഴിവാക്കുക. ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫി ജയിച്ച ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു രോഹിത് ശര്‍മ. വിരാട് കോലിയും ആ ടീമില്‍ അംഗമായിരുന്നു.
നേരത്തെ, 2027 ലോകകപ്പിലേക്ക് രോഹിത്തിനേയും വിരാട് കോലിയേയും പരിഗണിച്ചേക്കില്ലെന്നും അതിനാല്‍ ഇരുവരും അധികം വൈകാതെ വിരമിക്കല്‍ പ്രഖ്യാപിച്ചുമെന്നുമുള്ള അഭ്യൂഹം നിലനില്‍ക്കെയാണ് കഴിഞ്ഞയാഴ്ച രോഹിത് രണ്ടാം റാങ്കിലേക്ക് മുന്നേറി ഞെട്ടിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തോടെ പാക്കിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസം പിന്തള്ളപ്പെട്ടതായിരുന്നു മുപ്പത്തെട്ടുകാരനായ രോഹിത്തിന്റെ അപ്രതീക്ഷിത കുതിപ്പിനു പിന്നില്‍.