ഇല്ലെങ്കില്‍ പകരം ടീം; ബംഗ്ലാദേശിന് അന്ത്യശാസനവുമായി ഐസിസി

ബംഗ്ല പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഈ വര്‍ഷത്തെ ഐപിഎല്‍ ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) രംഗത്തെത്തിയത്.

author-image
Biju
New Update
bangla2

ദുബായ്:ട്വന്റി20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ച ചര്‍ച്ചകളില്‍ അനിശ്ചിതത്വം നിലനില്‍ക്കെ അടുത്ത നീക്കവുമായി ബംഗ്ലദേശ്. വിഷയത്തില്‍ പിന്തുണ തേടി ബംഗ്ലദേശ് സര്‍ക്കാര്‍, പാക്കിസ്ഥാനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ''ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പിന്തുണ തേടി ബംഗ്ലദേശ് സര്‍ക്കാര്‍ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. അനുകൂലമായ സമീപനമാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചത്. ബംഗ്ലദേശിന്റെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പില്‍നിന്നു സ്വയം പിന്മാറാനും പാക്കിസ്ഥാന്‍ തയാറായേക്കും'' ബിസിബി വൃത്തം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്കു നയിച്ച രാഷ്ട്രീയ പ്രക്ഷോഭത്തിനുശേഷം ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാണ്. നിലവില്‍ ഇന്ത്യയിലുള്ള ഹസീനയെ കൈമാറണമെന്ന ബംഗ്ലദേശിന്റെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതാണ് ഇന്ത്യബംഗ്ലദേശ് നയതന്ത്ര ബന്ധത്തെ വഷളാക്കിയത്. ഇതിന്റെ തുടര്‍ച്ചലനങ്ങളാണ് ക്രിക്കറ്റിലേക്കു വ്യാപിച്ചത്.

ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും സമീപ മാസങ്ങളില്‍ മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ രണ്ട് ബോര്‍ഡുകളും അടുത്ത് പ്രവര്‍ത്തിച്ചു. പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിക്ക് ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ശക്തമായ പിന്തുണയാണ് നല്‍കിയത്. ടൂര്‍ണമെന്റിന് മുന്നോടിയായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നടത്തണമെന്ന ബംഗ്ലദേശിന്റെ ആവശ്യത്തിന് നഖ്വി പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.

ഇന്ത്യ ബംഗ്ലദേശ് നയതന്ത്ര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബംഗ്ല പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഈ വര്‍ഷത്തെ ഐപിഎല്‍ ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്(ഐസിസി) ബിസിബി രണ്ടു തവണ കത്ത് നല്‍കിയെങ്കിലും ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിഷയത്തില്‍ ബിസിബി, പാക്കിസ്ഥാന്റെ പിന്തുണ തേടിയത്.

 ഈ മാസം 21ന് അന്തിമതീരുമാനം അറിയിക്കണമെന്നാണ് ശനിയാഴ്ച ധാക്കയില്‍ നടന്ന ചര്‍ച്ചയില്‍ ഐസിസി നിര്‍ദേശിച്ചത്. തങ്ങളുടെ മത്സരം ഇന്ത്യയില്‍നിന്നു മാറ്റണമെന്ന ഉറച്ചനിലപാടില്‍ തന്നെയായിരുന്നു ഈ ചര്‍ച്ചയിലും ബിസിബി. ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയില്‍ കളിക്കാനുള്ള സൗകര്യത്തിനായി ഗ്രൂപ്പ് വച്ചു മാറാമെന്ന നിര്‍ദേശവും ഐസിസിക്കു മുന്നില്‍ ബിസിബി വച്ചു. ഗ്രൂപ്പ് സിയില്‍നിന്ന് ഗ്രൂപ്പ് ബിയിലേക്ക് ബംഗ്ലദേശിനെ മാറ്റി പകരം ഗ്രൂപ്പ് ബിയില്‍നിന്ന് അയര്‍ലന്‍ഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

ബംഗ്ലദേശ് നിലവില്‍ വെസ്റ്റിന്‍ഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാള്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ്. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലദേശിന്റെ മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ശ്രീലങ്ക, ഓസ്ട്രേലിയ, ഒമാന്‍, സിംബാബ്വെ എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് അയര്‍ലന്‍ഡ്. അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതാണ് ബംഗ്ലദേശിനെ ആകര്‍ഷിക്കുന്നത്.

മറുവശത്ത് നിലവിലെ ഷെഡ്യൂള്‍ മാറ്റില്ലെന്ന നിലപാടില്‍ ഐസിസിയും ഉറച്ചുനില്‍ക്കുകയാണ്. ബംഗ്ലദേശ് പറയുന്നതുപോലെയൊരു സുരക്ഷാ ഭീഷണി ഇന്ത്യയില്‍ ഇല്ലെന്ന് ഐസിസി വ്യക്തമാക്കി. ലോകകപ്പ് ആരംഭിക്കുന്നതിന് ഇനി വെറും മൂന്നാഴ്ച മാത്രം ശേഷിക്കെ എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണമെന്ന് ഐസിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാന്‍ ബിസിബി വിസമ്മതിച്ചാല്‍, പകരം ടീമിലെ ഉള്‍പ്പെടുത്താനാണ് ഐസിസിയുടെ തീരുമാനം. നിലവിലെ റാങ്കിങ് അനുസരിച്ച്, ഇതു സ്‌കോട്ട്‌ലന്‍ഡാകാനാണ് സാധ്യത.