ഗില്‍ സേഫ്, സഞ്ജുവോ? ഇന്ത്യന്‍ ടീം ഉടന്‍

ഈ വര്‍ഷം ഇതിനകം കളിച്ച 15 ടി20കളില്‍ ഒരു ഫിഫ്റ്റി പോലുമില്ലെങ്കിലും ഗില്ലില്‍ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെല്ലാം ഇപ്പോഴും പൂര്‍ണ വിശ്വാസമാണ്. ഈ വര്‍ഷം കളിച്ച 14 ഇന്നിങ്സില്‍ വെറും 291 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

author-image
Biju
New Update
ind2

മുംബൈ: അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ (ശനി) പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മുഖ്യ സെലക്ടര്‍ അജ്ിത് അഗാര്‍ക്കറായിരിക്കും വാര്‍ത്താസമ്മേളനത്തില്‍ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പിനും ജനുവരിയില്‍ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും ഒരേ ടീം തന്നെയാണ് ഇന്ത്യക്കായി കളിക്കുകയെന്നാണ് വിവരം.

ഇപ്പോള്‍ സൗത്താഫ്രിക്കയുമായി ടി20 പരമ്പരയില്‍ കളിച്ച ടീമില്‍ വലിയ സര്‍പ്രൈസുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഏറെക്കുറെ അതേ ടീം തന്നെയായിരിക്കും ന്യൂസിലാന്‍ഡിനെതിരേയും ലോകകപ്പിലുമെല്ലാം കളിക്കുക. ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

ടീമില്‍ ആരൊക്കെ?

ടി20യില്‍ ഓപ്പണറുടെ റോളില്‍ തപ്പിത്തയടയുകയാണെങ്കിലും വൈസ് ക്യാപ്റ്റനും യുവ താരവുമായ ശുഭ്മന്‍ ഗില്‍ ടി20 ലോകകപ്പ് സ്‌ക്വാഡിലു ഉണ്ടാവുമെന്നുറപ്പാണ്. വൈസ് ക്യാപ്റ്റന്റെ റോളും അദ്ദേഹത്തിനായിരിക്കും.

ഈ വര്‍ഷം ഇതിനകം കളിച്ച 15 ടി20കളില്‍ ഒരു ഫിഫ്റ്റി പോലുമില്ലെങ്കിലും ഗില്ലില്‍ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെല്ലാം ഇപ്പോഴും പൂര്‍ണ വിശ്വാസമാണ്. ഈ വര്‍ഷം കളിച്ച 14 ഇന്നിങ്സില്‍ വെറും 291 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

എന്നാല്‍ അഗ്രസീവ് ഓപ്പണറും ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള താരവുമായ യശസ്വി ജയ്സ്വാളിനു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാനിടയില്ല. ടി20യില്‍ ഇപ്പോള്‍ ഇന്ത്യന്‍ പ്ലാനുകളില്‍ നിന്നും അദ്ദേഹം പുറത്തായിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് സയ്ദ് മുഷ്താഖ് അിലി ട്രോഫിയില്‍ അഗ്രസീവ് ഫിഫ്റ്റി കുറിക്കാന്‍ ജയ്സ്വാളിനായിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി ഇതൊന്നും പരിഗണിക്കാന്‍ സാധ്യതയില്ല.

ജയ്സ്വാളിനെപ്പോലെ ഇന്ത്യക്കായി ടി20യില്‍ കളിക്കാന്‍ അര്‍ഹതയുണ്ടായിട്ടുംലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍ ഫിനിഷര്‍ റിങ്കു സിങാണ്. ടി20യില്‍ അദ്ദേഹവും ഇപ്പോള്‍ പൂര്‍ണമായി പുറത്തായിരിക്കുകയാണ്. ഗൗതം ഗംഭീര്‍ കോച്ചായി വന്നതോടെ ടീമിലെ സ്ഥാനം തെറിച്ച മറ്റൊരു താരമാണ് റിങ്കു.

മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ഇപ്പോള്‍ കുറച്ചു മല്‍സരങ്ങളായി ഇന്ത്യന്‍ പ്ലെയിങ് ഇലവനു പുറത്താണെങ്കിലും ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്. പക്ഷെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുന്ന കാര്യം സംശയമായിരിക്കും. ലോവര്‍ ഓര്‍ഡറില്‍ സഞ്ജുവിനേക്കാള്‍ ടീം മാനേജ്മെന്റിനു വിശ്വാസം ജിതേഷ് ശര്‍മയെയാണ്. അതിനാല്‍ ലോകകപ്പില്‍ വിക്കറ്റ് കാക്കുന്നതും അദ്ദേഹമാവാനാണ് സാധ്യത.

ഗില്ലും അഭിഷക് ശര്‍മയും തന്നെയാവും ലോകകപ്പിലെ ഓപ്പണിങ് ജോടികള്‍. രണ്ടിലൊരാള്‍ക്കു പരിക്കേറ്റാല്‍ ബാക്കപ്പ് ഓപ്പണറായി സഞ്ജുവിനെയും ഉപയോഗിക്കാം. ഈ കാരണത്താല്‍ ബാക്കപ്പായി മറ്റൊരു സ്പെഷ്യലിസ്റ്റ് ഓപ്പണറെ സ്‌ക്വാഡില്‍ പ്രതീക്ഷിക്കേണ്ടതില്ല. മൂന്ന്, നാല് നമ്പറുകളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമുണ്ടാവും.

ഗില്ലിനെപ്പോലെ ടി20യില്‍ ഇപ്പോള്‍ വളരെമോശം ഫോമിലാണ് കടന്നു പോവുന്നതെങ്കിലും സൂര്യയുടെ നായകസ്ഥാനം സുരക്ഷിതമാണ്. ലോകകപ്പിനു ശേഷം മാത്രമേ അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കുകയുള്ളൂ. ഈ വര്‍ഷം കളിച്ച 20 ടി20 ഇന്നിങ്സുകളെടുത്താല്‍ 14.20 എന്ന ദയനീയ ശരാശരിയില്‍ നേടിയത് വെറും 213 റണ്‍സാണ്.

ഓള്‍റൗണ്ടര്‍മാരായി ടിമിലുണ്ടാവുക ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാവും. സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ വിശ്വാസമര്‍പ്പിക്കുന്ന കോച്ചാണ് ഗംഭീര്‍.

ബൗളിങ് നിരയിലേക്കു വന്നാല്‍ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിക്കും കുല്‍ദീപ് യാദവിനും ടീമില്‍ സ്ഥാനമുറപ്പാണ്. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറയ്ക്കു തന്നെയായിരിക്കും. അദ്ദേഹത്തിനു കൂട്ടായി പേസ് നിരയിലുണ്ടാവുക അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയുമായിരിക്കും.

ഇന്ത്യയുടെ ടി20 ലോകകപ്പ് സാധ്യതാ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.