/kalakaumudi/media/media_files/2024/11/29/ySvvOU92Og6WO8IpifMb.jpg)
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ പിന്നിലാക്കി സഹതാരം ഹാരി ബ്രൂക്ക് ഒന്നാമത്. കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങുമായാണ് ബ്രൂക്ക് ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച് വെറും രണ്ടു വര്‍ഷം ആകുമ്പോഴാണ് ബ്രൂക്ക് ഒന്നാം റാങ്കിലെത്തിയത്.
ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനമാണ് ബ്രൂക്കിന് തുണയായത്. കഴിഞ്ഞയാഴ്ച വെല്ലിങ്ടണില്‍ ന്യൂസിലാന്‍ഡിനെതിരെ തന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി നേടിയതിന് ശേഷമാണ് ബ്രൂക്ക് ജോ റൂട്ടിനെ മറികടന്നത്. 323 റണ്‍സിന് ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ ബ്രൂക്ക് 123 റണ്‍സും 55 റണ്‍സും സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തില്‍ 3,106 എന്നിങ്ങനെയായിരുന്നു റൂട്ടിന്റെ സ്‌കോര്‍.
ഹാരി ബ്രൂക്കിന് റാങ്കിങ്ങില്‍ ആകെ 898 റേറ്റിങ് പോയിന്റുണ്ട്. റൂട്ടിനെക്കാള്‍ ഒരു പോയിന്റ് കൂടുതലാണ് ബ്രൂക്കിനുള്ളത്. ഈ വര്‍ഷം ജൂലൈ മുതല്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു റൂട്ട്. ഇതിനിടെയാണ് റൂട്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് ബ്രൂക്ക് മുന്നിലെത്തിയത്.