മഴ വന്നെങ്കിലും മനക്കരുത്തുണ്ട്; കപ്പടിക്കുമെന്ന് ഇന്ത്യന്‍ പെണ്‍പട

വോന്‍മേഷത്തിന്റെ നിറവിലാണ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയം. രാജ്യാന്തര വനിതാ ക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തത്തിനു കാത്തിരിക്കുകയാണ് ഈ പുല്‍മൈതാനം

author-image
Biju
New Update
MAXHA

നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം വൈകും. മഴയെ തുടര്‍ന്നു ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാലാണ് ഇത്. മത്സരത്തിന്റെ ടോസ് വൈകുകയാണ്.ഇരു ക്യാപ്റ്റന്മാരുമായി അംപയര്‍മാര്‍ സംസാരിച്ചു. താരങ്ങള്‍ ഗ്രൗണ്ടില്‍ പരിശീലനം തുടരുകയാണ്. 

വോന്‍മേഷത്തിന്റെ നിറവിലാണ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയം. രാജ്യാന്തര വനിതാ ക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തത്തിനു കാത്തിരിക്കുകയാണ് ഈ പുല്‍മൈതാനം. 14 വര്‍ഷം മുന്‍പ് മുംബൈ മഹാനഗരത്തിന്റെ മറ്റൊരു കോണിലുള്ള വാങ്കഡെ സ്റ്റേഡിയത്തില്‍നിന്ന് '' ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍'' എന്നു രവി ശാസ്ത്രി ആവേശം കൊണ്ടപ്പോള്‍ ഉയര്‍ന്ന ആരവം ആരും മറന്നു കാണില്ല.

അത്തരമൊരു ഫിനിഷ്, അങ്ങനെയൊരു വിസ്മയ വിജയമാണ് ഇന്ന് രാജ്യം സ്വപ്നം കാണുന്നത്. ധോണിയുടെ ടീം 2011ല്‍ ഇന്ത്യന്‍ പുരുഷ ടീമിനെ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയെങ്കില്‍ ഇക്കുറി ഊഴം കാത്തിരിക്കുന്നത് ഇന്ത്യന്‍ വനിതകള്‍. ഒരു മാസം മുന്‍പ് ഗുവാഹത്തിയില്‍ ആരംഭിച്ച വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ആദ്യ ഫൈനലാണിത്. സെമിയില്‍ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയെ ഇന്ത്യയും തകര്‍ത്തതോടെ ചാംപ്യന്‍മാരുടെ പട്ടികയില്‍ ഇക്കുറി പുതിയൊരു രാഷ്ട്രത്തിന്റെ പേരു പതിയും. കിരീടം ആരു സ്വന്തമാക്കിയാലും അവരുടെ രാജ്യത്ത് വനിതാ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറുമെന്ന് ഉറപ്പ്. ഇതിനു മുന്‍പ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ മാത്രമാണ് വനിതാ ഏകദിന ലോകകപ്പില്‍ മുത്തമിട്ടിട്ടുള്ളത്. ഇന്ത്യ 2005, 2017 ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനലാണിത്.

മൈതാനത്തിനകത്തും പുറത്തും കിലുക്കാംപെട്ടിയപ്പോലെ ചിരിക്കുന്ന ജമിമ റോഡ്രിഗ്‌സ് ഒറ്റ രാവില്‍ ഇന്ത്യയുടെ പോസ്റ്റര്‍ ഗേളായി മാറിയത് ഇതേ മൈതാനത്താണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് സെമിയില്‍ ജെമി ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചറി കുറിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം പടുത്തുയര്‍ത്തിയ കൂട്ടുകെട്ടിന്റെ കരുത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഈ മുംബൈക്കാരി ഫൈനലിലും തിളങ്ങുമെന്നാണ് പ്രതീക്ഷ. 

ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ പരാജയങ്ങള്‍ക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥന, സെമിയില്‍ ഉജ്വല പോരാട്ടം നടത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ തുടങ്ങിയവരിലെല്ലാം ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നു. പരുക്കേറ്റു പുറത്തായ ഓപ്പണര്‍ പ്രതിക റാവലിനു പകരമെത്തിയ ഷെഫാലി വര്‍മയുടെ പ്രകടനവും ടീം മാനേജ്‌മെന്റ് ഉറ്റുനോക്കുന്നുണ്ട്. സെമിഫൈനലില്‍ നന്നായി റണ്‍സ് വഴങ്ങിയ രാധാ യാദവിനു പകരം സ്‌നേഹ് റാണയെ ടീമിലുള്‍പ്പെടുത്തുന്നത് ടീം ആലോചിച്ചേക്കും.