/kalakaumudi/media/media_files/2024/10/31/GYiLn4Btq0iC3f2w8FJw.jpg)
ലീഡ്സ്: രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക് ഇംഗ്ലണ്ടിനുള്ള ദൂരം 16 റണ്‍സ് മാത്രം . ചായക്ക് പിരിയുന്നതിന് മുന്‍പുള്ള അവസാന ഓവര്‍. പന്തെറിയാന്‍ ശാര്‍ദൂല്‍ താക്കൂര്‍ . ക്യാപ്റ്റന്‍ ഗില്‍ ശാര്‍ദൂലിനെ പിന്‍വലിക്കുന്നു. പകരം ജസ്പ്രിത് ബുംറ.
99-ാം ഓവറിലെ അഞ്ചാം പന്ത്. ഇന്ത്യയുടെ കൂറ്റന്‍ ലീഡെന്ന സ്വപ്നം തകര്‍ത്ത ക്രിസ് വോക്ക്സാണ് സ്‌ട്രൈക്കില്‍. ഔട്ട് സ്വിങ്ങര്‍ പ്രതീക്ഷിച്ച് ഡ്രൈവിന് ശ്രമിച്ച വോക്ക്സിനെ തേടിയെത്തിയത് ഇന്‍സ്വിങ്ങര്‍, ബൗള്‍ഡ്. ചായക്കുള്ള സമയം അരമണിക്കൂറുകൂടി നീക്കാനുള്ള തീരുമാനം ആ പന്ത് എടുപ്പിച്ചു.
വൈകിയില്ല, ജോഷ് ടങ്ങിന് ഓഫ് സ്റ്റമ്പ് ലെങ്തില്‍ ഒരു അണ്‍പ്ലെയബിള്‍ ഇന്‍സ്വിങ്ങര്‍ക്കൂടി. ടെസ്റ്റ് കരിയറിലെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം.
4.4 ഓവറില്‍ അഞ്ച് മെയിഡന്‍ ഉള്‍പ്പെടെ 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ്. മറ്റ് മൂന്ന് പേസര്‍മാര്‍ എറിഞ്ഞത് 53 ഓവറുകളാണ്. 288 റണ്‍സ് വിട്ടുകൊടുത്ത് എടുത്തത് അഞ്ച് വിക്കറ്റ്, ഒരു മെയിഡന്‍ പോലും സിറാജ്-പ്രസിദ്ധ്-ശാര്‍ദൂല്‍ ത്രയത്തില്‍ നിന്നുണ്ടായില്ല. ഈ താരതമ്യത്തിനപ്പുറമായിരുന്നു ബുംറയുടെ ലീഡ്സിലെ പ്രകടനം
ഒരുപക്ഷേ ബുംറയില്ലാതിറങ്ങുന്ന ടെസ്റ്റുകളിലേക്കുള്ള പാഠപുസ്തകം കൂടിയാകും ലീഡ്സ്. അനായാസം വിട്ടുകളയുന്ന ക്യാച്ചുകള്‍ക്കും മിസ് ഫീല്‍ഡുകള്‍ക്കെല്ലാം പരിഹാരം ബുംറയുടെ പന്തുകളിലൂടെയാണ് ഗില്‍ കണ്ടെത്തിയിരുന്നത്. ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര എത്രത്തോളം ദുര്‍ബലമായിരിക്കും എന്ന് ഈ കണക്കുകളിലൂടെ നമുക്ക് മനസിലാകാം.
കരിയറില്‍ നേടിയ 14 അഞ്ച് വിക്കറ്റ് പ്രകടനങ്ങളില്‍ 12 എണ്ണവും ഇന്ത്യയ്ക്ക് പുറത്താണെന്നതാണ് മറ്റൊരു വസ്തുത. കപില്‍ ദേവിനൊപ്പമാണ് വിദേശത്തെ ഈ മികവില്‍ ബുംറ. കപിലിന് സമാന നേട്ടത്തിനായി 104 ഇന്നിങ്‌സുകളാവശ്യമായി വന്നെങ്കില്‍ ബുംറയ്ക്ക് വേണ്ടിവന്നത് 64 എണ്ണം മാത്രമാണ്.
ഇതിനെല്ലാം ഉപരിയായി ടെസ്റ്റില്‍ 200ലധികം വിക്കറ്റ് നേടിയ പേസ് ബൗളര്‍മാരില്‍ ഏറ്റവും മികച്ച ശരാശരിയും ബുംറയുടെ പേരിലാണ്. 19.33 ആണ് ബുംറയുടെ ശരാശരി.