/kalakaumudi/media/media_files/2024/10/31/GYiLn4Btq0iC3f2w8FJw.jpg)
ലോര്‍ഡ്സ്: ശുഭ്മാന്‍ ഗില്ലിനേയും യുവനിരയേയും ഇനി കാത്തിരിക്കുന്നത് ക്രിക്കറ്റിന്റെ കളിത്തട്ടാണ്. ലോക ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഒന്നായിരിക്കില്ല മൂന്നാം ടെസ്റ്റ്. ലോര്‍ഡ്സിലെ പച്ചപുതച്ച വിക്കറ്റിലേക്ക് ആന്‍ഡേഴ്സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫിയില്‍ ഒരു ചുവട് മുന്നോട്ട് വെയ്ക്കാന്‍ ഇന്ത്യ ഇറങ്ങുക ചില അനിവാര്യമായ മാറ്റങ്ങളോടെയാകുമെന്നത് തീര്‍ച്ചയാണ്.
തന്റെ കരിയറില്‍ രണ്ടാം തവണയാണ് വെള്ളക്കുപ്പായത്തില്‍ ലോര്‍ഡ്സില്‍ ബുംറയിറങ്ങുന്നത്. 2021ലെ ഓര്‍മകള്‍ ബൗളര്‍ എന്ന നിലയില്‍ മാത്രമായിരിക്കില്ല ബുംറയ്ക്ക് ആത്മവിശ്വാസം പകരുക. മുഹമ്മദ് ഷമിക്കൊപ്പം ഒന്‍പതാം വിക്കറ്റില്‍ ചേര്‍ത്ത 89 റണ്‍സ്, ജോ റൂട്ടിന്റെ ഉള്‍പ്പെടെ നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍. പക്ഷേ, നാല് വര്‍ഷം മുന്‍പ് ഇംഗ്ലീഷ് സമ്മറില്‍ കണ്ട വിക്കറ്റല്ല ഇത്തവണ ലോര്‍ഡ്സില്‍ ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ ടോപ്പോടുകൂടിയതാണ് വിക്കറ്റെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
2021ല്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ബാറ്റിങ്ങിന് അനുകൂലമായിരുന്നു സാഹചര്യം. പക്ഷേ, അവിടെ വിക്കറ്റില്‍ നിന്ന് ബൗണ്‍സും റിവേഴ്സ് സ്വിങ്ങും സൃഷ്ടിക്കാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. ബൗളിങ്ങിന് അനുകൂലമാകുന്ന വിക്കറ്റില്‍ ബുംറയുടെ വരവ് ഇന്ത്യയുടെ ബൗളിങ് നിരയെ എത്രത്തോളം കരുത്തുറ്റതാക്കുമെന്ന് പറയേണ്ടതില്ലല്ലൊ. എന്നാല്‍ ബുംറയുടെ സാന്നിധ്യം ബൗളിങ് നിരയില്‍ മാറ്റങ്ങള്‍ക്കുകൂടി നയിച്ചേക്കും.
ടീമിന് പുറത്ത് പോകാന്‍ ഇവിടെ സാധ്യത കൂടുതല്‍ നിതീഷ് റെഡ്ഡിക്കാണ്. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നിതീഷ് നേടിയത്. ആറ് ഓവറുകള്‍ എറിഞ്ഞപ്പോള്‍ 29 റണ്‍സും വഴങ്ങി. രണ്ടാം ഇന്നിങ്‌സില്‍ നിതീഷിന് പന്തുനല്‍കാനും ഇന്ത്യ മുതിര്‍ന്നില്ല. അതുകൊണ്ട് ബുംറ വരുമ്പോള്‍ നിതീഷ് വഴിമാറിക്കൊടുക്കേണ്ടി വന്നേക്കാം.