/kalakaumudi/media/media_files/2025/07/14/ind-vs-eng-2025-07-14-22-02-10.webp)
ind vs eng
ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് 22 റണ്‍സ് തോല്‍വി. ഇംഗ്ലണ്ടിനെതിരെ അവസാന ദിനം 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. 181 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം പാഴായി.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡണ്‍ കാര്‍സെ രണ്ട് വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. നാലാം ടെസ്റ്റ് ഈ മാസം 23ന് മാഞ്ച്സ്റ്ററില്‍ ആരംഭിക്കും.
റിഷഭ് പന്ത് (9), കെ എല്‍ രാഹുല്‍ (39), വാഷിംഗ്ടണ്‍ സുന്ദര്‍ (0), നിതീഷ് കുമാര്‍ റെഡ്ഡി (13), ജസ്പ്രിത് ബുമ്ര (5), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്ന് തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
തലേ ദിവസം ക്രീസിലുണ്ടായിരുന്ന രാഹുലിനും ഇന്ന് അധികനേരം തുടരാന്‍ സാധിച്ചില്ല. സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അംപയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഇംഗ്ലണ്ട് തീരുമാനം റിവ്യൂ ചെയ്തു. ഇതോടെ രാഹുലിന് മടങ്ങേണ്ടി വന്നു. തുടര്‍ന്നെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (0) നേരിട്ട നാലാം പന്തില്‍ തന്നെ മടങ്ങി.
പിന്നീട് നിതീഷ് 52 പന്തുകള്‍ ചെറുത്തുനിന്നു. എന്നാല്‍ ലഞ്ചിന് പിരിയുന്നതിന് മുമ്പുള്ള അവസാന ഓവറില്‍ നിതീഷ് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ബുമ്ര 22 ഓവര്‍ ജഡേജയ്ക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നു. ഇരുവരും ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ട് പതറുകയും ചെയ്തു. എന്നാല്‍ സ്റ്റോക്സ് ബ്രേക്ക് ത്രൂ നല്‍കി. അവസാനക്കാരന്‍ സിറാജും ജഡേജയ്ക്ക് വലിയ പിന്തുണ നല്‍കി. 13 ഓവറുകളോളം ഇരുവരും ക്രീസില്‍ ചെലവഴിച്ചു. 23 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിറാജ് പുറത്തായി. ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.