/kalakaumudi/media/media_files/2025/07/16/karun-2025-07-16-19-42-25.jpg)
KARUN
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക മൂന്നാം നമ്പര്‍ ബാറ്ററുടെ കാര്യത്തിലാണ് . കരുണ്‍ നായര്‍ക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല. മലയാളിതാരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആഭ്യന്തര കിക്കറ്റിലെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടയോടെയാണ് എന്നാല്‍ ആ മികവ് ഇംഗ്ലണ്ടിനെതിരെ പുറത്തെടുക്കാന്‍ കരുണിന് കഴിയുന്നില്ല. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച കരുണിന് ആകെ നേടാനായത് 131 റണ്‍സ് മാത്രം. ഇന്ത്യ - ഇംഗ്ലണ്ട് ടീമുകളില്‍ അര്‍ധ സെഞ്ച്വറിയില്ലാത്ത ഏക ടോപ് ഓര്‍ഡര്‍ ബാറ്ററാണ് കരുണ്‍.
ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ ആയിരുന്നു മൂന്നാമന്‍. കരുണ്‍ ആറാം നമ്പര്‍ ബാറ്ററും. രണ്ടും മൂന്നും ടെസ്റ്റുകളില്‍ കരുണിന് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ലോര്‍ഡ്സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കരുണിന് പകരം സായ് സുദര്‍ശന് വീണ്ടും അവസരം നല്‍കണമെന്ന വാദം ശക്തമായിക്കഴിഞ്ഞു. കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത കരുണിനെ മാറ്റി സായ് സുദര്‍ശനെ കളിപ്പിക്കണമെന്ന് മുന്‍താരം ഫാറുഖ് എഞ്ചിനിയര്‍ ആവശ്യപ്പെട്ടു.
സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത മൂന്നാം നമ്പര്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയാണ്. മൂന്നാമനായി 155 ഇന്നിംഗ്സില്‍ 44.41 ശരാശരിയില്‍ പുജാര നേടിയത 6529 റണ്‍സ്. പുജാരയ്ക്ക് ശേഷം ഇന്ത്യ മൂന്നാം നമ്പറില്‍ പരീക്ഷിച്ചത് 11 ബാറ്റര്‍മാരെ. അല്‍പമെങ്കിലും ശോഭിക്കാനായത് ശുഭ്മന്‍ ഗില്ലിന്. പതിനേഴ് ടെസ്റ്റില്‍ ഗില്‍ 37.74 ശരാശരിയില്‍ നേടിയത് 1019 റണ്‍സ്. വിരാട് കോലി വിരമിച്ചതോടെ ഗില്‍ നാലാം നമ്പറിലേക്ക് മാറുകയായിരുന്നു. മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മൂന്നാമന്‍ ആരായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.