/kalakaumudi/media/media_files/2025/07/24/rishabh-2025-07-24-20-25-03.jpg)
RISHABH
മാഞ്ചസ്റ്റര്‍:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം പരിക്കേറ്റ കാലുമായി ക്രീസിലിറങ്ങി പോരാട്ടവീര്യത്തിന്റെ പ്രതീകമായ റിഷഭ് പന്ത് സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഇന്ത്യക്കായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 40 മത്സരങ്ങളില്‍ നിന്ന് നേടിയ 2717 റണ്‍സാണ് 38 മത്സരങ്ങളില്‍ റിഷഭ് പന്ത് മറികടന്നത്.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ 40 റണ്‍സായിരുന്നു രോഹിത്തിനെ മറികടക്കാന്‍ റിഷഭ് പന്തിന് വേണ്ടിയിരുന്നത്. 37 റണ്‍സെടുത്തു നില്‍ക്കെ പരിക്കേറ്റ് മടങ്ങിയ റിഷഭ് പന്തിന് നാലാം ടെസ്റ്റില്‍ കളിക്കാനാവില്ലെന്നായിരുന്നു കരുതിയത്. കാല്‍പ്പാദത്തില്‍ പൊട്ടലുള്ളതിനാല്‍ പന്തിന് പരമ്പര തന്നെ നഷ്ടമാവുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ രണ്ടാം ദിനം ആരാധകരെ അമ്പരപ്പിച്ച് റിഷഭ് പന്ത് ക്രീസിലെത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് പന്ത് ക്രീസിലിറങ്ങിയത്. തുടക്കത്തില്‍ പിടിച്ചു നിന്ന് വാഷിംഗ്ടണ്‍ സുന്ദറിന് പിന്തുണ നല്‍കാന്‍ ശ്രമിച്ച റിഷഭ് പന്ത് സുന്ദറിനെയും പിന്നാലെ അന്‍ഷുല്‍ കാംബോജിനെയും നഷ്ടമായശേഷം സിക്‌സും ഫോറും നേടി അര്‍ധസെഞ്ചുറി തികച്ചു ഒപ്പം റണ്‍വേട്ടയില്‍ റെക്കോര്‍ഡും സ്വന്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 46 മത്സരങ്ങളില്‍ 2617 റണ്‍സടിച്ച വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. ശുഭ്മാന്‍ ഗില്‍(36 മത്സരങ്ങളില്‍ 2512), രവീന്ദ്ര ജഡേജ(43 മത്സരങ്ങളില്‍ 2232), യശസ്വി ജയ്‌സ്വാള്‍(23 മത്സരങ്ങളില്‍ 2089), കെ എല്‍ രാഹുല്‍(28 മത്സരങ്ങളില്‍ 1773) എന്നിവരാണ് റണ്‍വേട്ടയിലെ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. പരമ്പരയില്‍ നാലു മത്സരങ്ങളില്‍ 479 റണ്‍സടിച്ച റിഷഭ് പന്താണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്.