ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

2023ലെ ആഷസില്‍ ഓസ്‌ട്രേലിയക്കെതിരെ ഇതേ ഗ്രൗണ്ടില്‍ സമനില വഴങ്ങിയതായിരുന്നു ആദ്യത്തേത്.

author-image
Jayakrishnan R
New Update
ind vs eng

ind vs eng

മാഞ്ചസ്റ്റര്‍:ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിന്റെ വക്കില്‍ നിന്ന് സമനില വഴങ്ങേണ്ടിവന്ന ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളിലും തിരിച്ചടി. മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിലൂടെ നാലു പോയന്റ് നേടിയെങ്കിലും ഇംഗ്ലണ്ട് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.

നാലു കളികളില്‍ രണ്ടു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി 26 പോയന്റും 54.16 പോയന്റ് ശതമാനവുമായാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ബ്രണ്ടന്‍ മക്കല്ലം പരിശീലക ചുമതലയേറ്റെടുത്തശേഷം ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന രണ്ടാമത്തെ മാത്രം സമലിയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്നലെ ഇന്ത്യക്കെതിരെ വഴങ്ങിയത്. 

2023ലെ ആഷസില്‍ ഓസ്‌ട്രേലിയക്കെതിരെ ഇതേ ഗ്രൗണ്ടില്‍ സമനില വഴങ്ങിയതായിരുന്നു ആദ്യത്തേത്. ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിലൂടെ നാലു പോയന്റ് കിട്ടിയെങ്കിലും ലോര്‍ഡ്‌സ് ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രണ്ട് പോയന്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്താക്കിയത്.

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും നേടിയ ശ്രീലങ്ക 16 പോയന്റും 66.67പോയന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഓസ്‌ട്രേലിയ 36 പോയന്റും 100 പോയന്റ് ശതമാനവുമായി ഒന്നാമതാണ്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ സമനില നേടിയതോടെ ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തി. നാലു കളികളില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 16 പോയന്റും 33.33 പോയന്റ് ശതമാനവുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നത്. രണ്ട് കളികളില്‍ നാലു പോയന്റും 16.67 പോയന്റ് ശതമാനവുമുള്ള ബംഗ്ലാദേശ് അഞ്ചാമതും മൂന്ന് കളികളും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആറാമതുമാണ്. 

ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ  ഭാഗമായി ഈ വര്‍ഷം ഇതുവരെ ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടില്ല.

cricket sports