/kalakaumudi/media/media_files/2025/07/28/ben-stokes-2025-07-28-19-29-20.jpg)
ഓവല്‍:ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സമനില വഴങ്ങിയതിന് പിന്നാലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വ്യാഴാഴ്ച കെന്നിംഗ്ടണ്‍ ഓവലില്‍ ആരംഭിക്കുന്ന ടെസ്റ്റിനുള്ള ടീമിലേക്ക് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടണെ ഉള്‍പ്പെടുത്തി. പരിക്കുമൂലം ആദ്യ നാലു ടെസ്റ്റിലും ഓവര്‍ടണ് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഓവര്‍ടണ്‍ കൂടി എത്തിയതോടെ ഇംഗ്ലണ്ട് ടീമിലെ പേസര്‍മാരുടെ എണ്ണം ആറായി. ജോഫ്ര ആര്‍ച്ചര്‍, ബ്രെയ്ഡന്‍ കാര്‍സ്, ഗുസ് അറ്റ്കിന്‍സണ്‍, ജോഷ് ടങ്, ക്രിസ് വോക്‌സ്, ഓവര്‍ടണ്‍ എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ പേസര്‍മാര്‍. മൂന്ന് വര്‍ഷം മുമ്പ് ന്യൂസിലന്‍ഡിനെതിരെ ആണ് ഓവര്‍ടണ്‍ കരിയറിലെ ഒരേയൊരു ടെസ്റ്റ് മത്സരം കളിച്ചത്.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് പരിക്കുള്ള സാഹചര്യത്തിലാണ് ഓള്‍ റൗണ്ടറായ ഓവര്‍ടണെ ഓവല്‍ ടെസ്റ്റിനുള്ള ടീമിലുള്‍പ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പരിക്ക് വകവെക്കാതെ സ്റ്റോക്‌സ് ദീര്‍ഘ സ്‌പെല്ലുകള്‍ എറിഞ്ഞിരുന്നു. അവസാന ടെസ്റ്റില്‍ കളിക്കുമോ എന്ന ചോദ്യത്തിന് കളിക്കുമെന്നായിരുന്നു സ്റ്റോക്‌സ് മറുപടി നല്‍കിയത്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 22 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ വിരോചിത സമനില നേടിയിരുന്നു. രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും അപരാജിത സെഞ്ചുറികളും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയും കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.